|
തെങ്കാശി: തമിഴ്നാട് തെങ്കാശിയില്‍ മലയാളിയായ റെയില്‍വേ ജീവനക്കാരിക്കു നേരെ ലൈംഗിക അതിക്രമണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം സ്വദേശി അനീഷ് (28) ആണ് അറസ്റ്റിലായത്. തെങ്കാശിയില്‍ പെയിന്റിങ് തൊഴിലാളിയായിരുന്ന ഇയാളെ ചെങ്കോട്ടയില്‍ വച്ചാണ് പിടികൂടിയത്. കൊല്ലം കുന്നിക്കോട് സ്റ്റേഷന് പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ട്.
വ്യാഴാഴ്ച പാവൂര്‍ഛത്രം റെയില്‍വേ ക്രോസിലാണ് റെയില്‍വേ ജീവനക്കാരിക്കു നേരെ ലൈം?ഗികാതിക്രമം ഉണ്ടായത്. രാത്രി എട്ടിനും ഒന്‍പതിനും ഇടയിലാണ് സംഭവമുണ്ടാകുന്നത്. ഗാര്‍ഡ് റൂമിനകത്ത് ഫോണ്‍ ചെയ്യുന്നതിനിടെ, അക്രമി മുറിയില്‍ അതിക്രമിച്ച് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു. അക്രമി കല്ലുകൊണ്ട് യുവതിയുടെ മുഖത്ത് ഇടിച്ചു. രക്ഷപ്പെടാന്‍ പുറത്തേയ്ക്ക് ഓടിയ യുവതിയെ കടന്നുപിടിക്കുകയും ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നല്കി. പെയിന്റിങ് തൊഴിലാളിയാണ് ആക്രമണം നടത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംശയമുളള നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.



