18
Aug 2025
Wed
18 Aug 2025 Wed
murder

കാമുകന്റെയും അടുത്തബന്ധുവിന്റെയും സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍. ഒട്ടും സംശയം തോന്നാത്ത രീതിയില്‍ വ്യത്യസ്ഥമായ മാര്‍ഗമുപയോഹിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷനിലെത്തി യുവതി പരാതിയും നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 45കാരനായ സമ്പത്താണ് കൊല്ലപ്പെട്ടത്. ഭാര്യ രമാദേവിയാണ് കാമുകന്‍ രാജയ്യക്കും ബന്ധു ശ്രീനിവാസനുമൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.

കരിംനഗറിലെ ഒരു ലൈബ്രറിയിലെ തൂപ്പുജോലിക്കാരനായിരുന്നു സമ്പത്ത്. രണ്ടു മക്കളുടെ അമ്മയായ രമാദേവി പലഹാരം വിറ്റാണ് ജീവിതം തള്ളി നീക്കിയിരുന്നത്. മദ്യപാനശീലമുള്ള സമ്പത്ത് രമാദേവിയെ പതിവായി മര്‍ദിക്കുമായിരുന്നു.

ALSO READ: പാരാസെയ്‌ലിങിനിടെ മക്കള്‍ക്കും ഭര്‍ത്താവിനും മുന്നില്‍ ലൈംഗിക പീഡനത്തിനിരയായി 52 വയസ്സുകാരി; ഓപ്പറേറ്ററുടെ ക്രൂരത പാരച്യൂട്ട് ഉയര്‍ന്നതിന് പിന്നാലെ

ഇതിനിടെയാണ് പലഹാരം വാങ്ങിയിരുന്ന രാജയ്യയുമായി രമാദേവി പ്രണയത്തിലാവുന്നത്. തുടര്‍ന്ന് സമ്പത്തിനെ ഒഴിവാക്കി രാജയ്യക്കൊപ്പം ജീവിക്കാന്‍ ഇരുവരും പദ്ധതി തയാറാക്കുകയായിരുന്നു. രാജയ്യയുടെ ബന്ധുവായ ശ്രീനിവാസും സഹായത്തിനെത്തി.

ചെവിയില്‍ കീടനാശിനി ഒഴിച്ചാല്‍ മരിക്കുമെന്ന് യൂട്യൂബ് വിഡിയോകളില്‍ നിന്നാണ് രമാദേവി മനസിലാക്കിയത്. ഭര്‍ത്താവിനെ ഇതേരീതിയില്‍ കൊല്ലണമെന്ന് രമാദേവി കാമുകനോട് ആവശ്യപ്പെട്ടു.

തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 29ന് രാജയ്യയും ശ്രീനിവാസും സമ്പത്തിനെ മദ്യപിക്കാനായി ക്ഷണിച്ചു. ബൊമ്മക്കല്‍ ഫ്‌ളൈഓവറിന് കീഴിലിരുന്നു മൂവരും മദ്യപിച്ചു. അമിതമായി മദ്യപിച്ച സമ്പത്തിന്റെ ബോധം പോയി. ഇതോടെ കയ്യില്‍ കരുതിയിരുന്ന കീടനാശിനി ചെവിയില്‍ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം വിവരം രമാദേവിയെ അറിയിച്ചു.

പിന്നാലെ രമാദേവി ഭര്‍ത്താവിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംശയം തോന്നാതിരിക്കാന്‍ സമ്പത്തിനെ കണ്ടെത്താനുള്ള തിരച്ചിലിനും ഇവര്‍ ഒപ്പം കൂടി. ആഗസ്ത് ഒന്നിന് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയതായി രമാദേവി തന്നെയാണ് പൊലീസിനെ അറിയിച്ചത്.

ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് രമാദേവിയുടെ ഫോണ്‍കോളുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രമാദേവിയേയും രാജയ്യയേയും ശ്രീനിവാസിനേയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. മൂന്ന് പേരേയും അറസ്റ്റ് ചെയ്തു.