27
Jul 2023
Sat
27 Jul 2023 Sat

ആലപ്പുഴ തായങ്കരിയില്‍ കത്തിയ കാറിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉടമ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ്(49)ആണെന്ന് തിരിച്ചറിഞ്ഞു.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജയിംസ്‌കുട്ടി കാറിനുള്ളില്‍ പെട്രോളൊഴിച്ച ശേഷം തീക്കൊളുത്തുകയായിരുന്നുവെന്നും വ്യക്തമായി. വീടിന്റെ ആധാരവും കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകളും ഇയാള്‍ വാഹനത്തിലിട്ട് കത്തിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനി പുലര്‍ച്ചെ മൂന്നോടെയാണ് തായങ്കരിയില്‍ കാര്‍ കത്തിനശിച്ചത്. കാര്‍ കത്തുന്നത് കണ്ട് പ്രദേശവാസി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തീയണച്ചപ്പോഴേക്കും വാഹനം പൂര്‍ണമായും ചാമ്പലായിരുന്നു. കാറിന്റെ പിന്‍സീറ്റിലായിരുന്നു കത്തിയ നിലയില്‍ മൃതദേഹവും കണ്ടത്.

ജയിംസിന്റ് കൈക്ക് ഒടിവുണ്ടായതിനെ തുടര്‍ന്ന് കമ്പി ഇട്ടിരുന്നു. മൃതദേഹത്തിലെ ഇതേ കമ്പി വീട്ടുകാര്‍ തിരിച്ചറിഞ്ഞു. ജോയിസ് ആണ് ഭാര്യ. വിദ്യാര്‍ഥികളായ ആല്‍വിനും അനീറ്റയുമാണ് മക്കള്‍.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് വിവരം. രോഗബാധിതനായ ജയിംസ്‌കുട്ടി മദ്യപിച്ച് വീട്ടുകാരുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പറയുന്നു. വഴക്കിനെ തുടര്‍ന്ന് രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പതിവുമുണ്ടായിരുന്നു. ആധാരം ഉള്‍പ്പെടെ നശിപ്പിക്കുകയാണെന്ന് ജയിംസ്‌കുട്ടി ഒരു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു.