20
Mar 2023
Sun
20 Mar 2023 Sun

ടാനിഗര്‍: ഖത്തര്‍ ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തി വമ്പന്‍മാരെ വീഴ്ത്തിയ മൊറോക്കോ ലോക ഒന്നാം നമ്പര്‍ ടീം ബ്രസീലിനെയും വീഴ്ത്തി. ഇന്ന് പുലര്‍ച്ചെ നടന്ന സൗഹൃദമല്‍സരത്തില്‍ 2-1നാണ് ബ്രസീലിന്റെ തോല്‍വി. ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 29ാം മിനിറ്റില്‍ സോഫിയാനെ ബൗഫലിലൂടെ ലീഡ് നേടിയ മൊറോക്കോ 79ാം മിനിറ്റില്‍ സാബിരിയിലൂടെ വിജയ ഗോള്‍ നേടുകയായിരുന്നു. കൗണ്ടര്‍ അറ്റാക്കിലൂടെ മൊറോക്കോ ബ്രസീലിനെ പിടിച്ചുകെട്ടുകയായിരുന്നു. ക്യാപ്റ്റന്‍ കസിമറോയാണ് ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത്. വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോള്‍ വാര്‍ നിഷേധിച്ചു.യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയാണ് മഞ്ഞപ്പട ഇറങ്ങിയത്.എന്നാല്‍ ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ തോല്‍ക്കാനായിരുന്നു വിധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂറോ യോഗ്യതാ മല്‍സരങ്ങളില്‍ സ്‌പെയിന്‍, സ്‌കോട്ട്‌ലന്റ്, തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്റ് എന്നിവര്‍ക്ക് ജയം. നോര്‍വെയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. മുന്‍ ന്യൂകാസില്‍ സ്‌ട്രൈക്കര്‍ ജോസെലെ സ്‌പെയിനിനായി ഇരട്ട ഗോള്‍ നേടി. മറ്റൊരു ഗോള്‍ കാര്‍വജാലിന്റെ വകയായിരുന്നു. ജോസെലെയുടെ സ്‌പെയിനിനായുള്ള അരങ്ങേറ്റ മല്‍സരമാണ്.അര്‍മേനിയയെ തുര്‍ക്കി 2-1ന് പരാജയപ്പെടുത്തി. സ്‌കോട്ട്‌ലന്റ് സൈപ്രസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. വെയ്ല്‍സ് ക്രൊയേഷ്യയെ 1-1ന് സമനിലയില്‍ തളച്ചു.ബെലാറസിനെ സ്വിറ്റ്‌സര്‍ലന്റ് എതിരില്ലാത്ത അഞ്ച് ഗോളിന് വീഴ്ത്തി. ഇസ്രായേല്‍-കൊസാവോ മല്‍സരവും സമനിലയില്‍ കലാശിച്ചു.അന്‍ഡോറയെ റുമാനിയ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തു. മറ്റൊരു സൗഹൃദമല്‍സരത്തില്‍ പോളണ്ടിനെ ജര്‍മ്മനി എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു.