ബെംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരെ കര്‍ണാടകയില്‍ കേസ്. ചന്ദ്രയാന്‍ 3 ദൗത്യത്തെ കളിയാക്കുന്ന തരത്തില്‍ ട്വിറ്ററില്‍ പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെ ബാഗല്‍ക്കോട്ടെ ജില്ലയിലെ ബാനാഹട്ടി പോലീസ് കേസടുത്തത്. ചന്ദ്രയാന്‍3 ചന്ദ്രനില്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു ചിത്രവും കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുകയായിരുന്നു.
|
ലുങ്കി മടക്കിക്കുത്തി, ഷര്‍ട്ട് ധരിച്ച്, ചായ അടിക്കുന്നയാളുടെ കാരിക്കേച്ചറാണ് പ്രകാശ് രാജ് പങ്കുവച്ചത്. ‘ബ്രേക്കിങ് ന്യൂസ്: ചന്ദ്രനില്‍നിന്ന് വിക്രം ലാന്‍ഡര്‍ അയയ്ക്കുന്ന ആദ്യ ചിത്രം’ എന്ന കുറിപ്പിനൊപ്പമാണ് നടന്‍ ഈ ചിത്രം പങ്കുവെച്ചത്. ഐഎസ്ആര്‍ഒയെയും അവിടെയുള്ള ശാസ്ത്രജ്ഞരുടയെും ആത്മസമര്‍പ്പണത്തെയും പരിഹസിച്ചു എന്നായിരുന്നു നടനെതിരെ ഉയര്‍ന്ന മുഖ്യ വിമര്‍ശനം.
അതേസമയം പോസ്റ്റ് വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തി. ‘ചന്ദ്രനില്‍ ചായക്കടയിട്ട മലയാളി’ എന്ന തമാശയാണ് ഉദ്ദേശിച്ചതെന്നായിരുന്നു വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ഹിന്ദു സംഘടനാ നേതാവാണ് പ്രകാശ് രാജിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പ്രകാശ് രാജ് പ്രധാനമന്ത്രി മോദിയെ പരിഹസിക്കുകയാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.





