ദൗത്യം ഉടനെയെന്ന് മന്ത്രി പറയുമ്പോഴും കാട്ടാന കര്‍ണാടക വനാതിര്‍ത്തിയോട് അടുക്കുന്നു; മയക്കുവെടി ഉതിര്‍ക്കുന്നത് നീളും
|
മാനന്തവാടി: ദൗത്യം ഉടനെയെന്ന് മന്ത്രി പറയുമ്പോഴും വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ‘ബേലൂര്‍ മാഖ്‌ന’ കര്‍ണാടക വനാതിര്‍ത്തിയോട് അടുക്കുന്നത് മയക്കുവെടി ഉതിര്‍ക്കുന്നതിന് തടസ്സമാകുന്നു. ചാലിഗദ്ദ പ്രദേശത്ത് നിന്നും ഏകദേശം എട്ട് കിലോമീറ്റര്‍ മാറി മണ്ണുണ്ടി കോളനി പരിസരത്താണ് നിലവില്‍ ആന. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ആന കര്‍ണാടക ഉള്‍വനത്തിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തില്‍ വനംവകുപ്പ് അനിശ്ചിതത്വത്തിലാണ്.
ആന സ്വയം കാടുകയറി പോകാനുള്ള സാധ്യതയാണ് നിലവില്‍ വനംവകുപ്പ് പരിശോധിക്കുന്നത്. കോളനി പരിസരത്ത് ആന എത്തിയതോടെ പ്രദേശത്തെ ജനങ്ങളും ആശങ്കയിലാണ്. ആനയുടെ ശബ്ദം ഞായറാഴ്ച രാത്രി കേട്ടിരുന്നതായും പരിസരവാസികള്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് അജീഷിനെ ആക്രമിച്ച മോഴയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഭരത്, വിക്രം എന്നീ കുങ്കിയാനകളെ ബാവലി ഭാഗത്ത് നിന്നും ചേലൂര്‍ ഭാഗത്തേക്ക് മാറ്റുന്നുവെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇതോടെ, ചേലൂര്‍ ഭാഗത്ത് നാല് കുങ്കിയാനകളുമുണ്ടാകും. ദൗത്യവുമായി വനംവകുപ്പ് മുന്നോട്ട് നീങ്ങുന്നുവെന്ന സൂചനയാണിത്. നിലവില്‍, ആന നിലയുറപ്പിച്ചുട്ടുള്ള കോളനി പ്രദേശത്തേക്ക് കൂടുതല്‍ വനവകുപ്പ് ഉദ്യോഗസ്ഥരും എത്തുന്നുണ്ട്. ആന കാടിറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. മയക്കുവെടിവെച്ച് പിടികൂടിയാല്‍ ആനയെ മുത്തങ്ങക്യാമ്പിലേക്ക് മാറ്റും.
അതേസമയം ഭീതി വിതച്ച കാട്ടാനയെ മയക്കുവെടിവയ്ക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകും. കാട്ടിലേക്ക് വിടണോ, കുങ്കിയാന ആക്കണമോ എന്നതില്‍ പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് ദൗത്യസംഘം പ്രവര്‍ത്തനം രാവിലെ മുതല്‍ ആരംഭിക്കും. ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. മയക്കുവെടിവെച്ച് പിടികൂടിയ ശേഷം മുത്തങ്ങയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് നിരീക്ഷണം നടത്തും. ആരോഗ്യസ്ഥിതി അടക്കം പരിശോധിച്ച ശേഷമാകും ആനപരിപാലന കേന്ദ്രത്തില്‍ കൊണ്ടുപോകണമോ, അതോ ഉള്‍ക്കാട്ടിലേക്ക് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഇതാണ് നടപടിക്രമം. എന്നാല്‍ നിരീക്ഷണത്തിന് ശേഷം മാത്രമാകും അന്തിമ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു.
ഇന്നലെ രാവിലെ 7.10ഓടെയാണ് മാനന്തവാടിക്ക് സമീപം ചാലിഗദ്ദയില്‍ വീട്ടുമുറ്റത്തേക്ക് ഓടിക്കയറിയ കാട്ടാന കര്‍ഷകനും ട്രാക്ടര്‍ ഡ്രൈവറുമായ അജീഷിനെ ചവിട്ടിക്കൊന്നത്. കര്‍ണാടകയില്‍ ജനവാസമേഖലയില്‍നിന്ന് വനംവകുപ്പ് പിടിച്ച് റേഡിയോകോളര്‍ ഘടിപ്പിച്ചുവിട്ട മോഴയാനയാണ് ആക്രമിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





