മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാനും മനസ്സിലാക്കാനും അവ പരിഹരിക്കാനും ലക്ഷ്യം വെച്ച് ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന തീരസദസ്സ് പ്രോഗ്രാം മെയ് 11ന് പരപ്പനങ്ങാടിയിൽ നടക്കും. പരപ്പനങ്ങാടി എസ്.എൻ.എം എച്ച്.എസ്.എസ് ൽ മെയ് 11ന് 3 മുതൽ മുതൽ 7 വരെ നടക്കുന്ന പരിപാടിയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ പങ്കെടുക്കും.
|
ഏപ്രിൽ 10ന് പരപ്പനങ്ങാടി മുനിസിപാലിറ്റിയിൽ വച്ച് കെ.പി.എ മജീദ് എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരസദസ്സ് നടത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുകയും പരിപാടി നടപ്പാക്കുന്നതിനായുള്ള രൂപരേഖ തയ്യാറാക്കുകയും ചെയ്തു. പരിപാടി വിജയകരമായി നടത്തുന്നതിനായി പ്രോഗ്രാം കമ്മിറ്റി, സ്വീകരണ കമ്മിറ്റി, പ്രചാരണ കമ്മിറ്റി, ഫിനാൻസ് കമ്മിറ്റി എന്നീ സബ് കമ്മിറ്റികൾ രൂപീകരിക്കുകയും മത്സ്യതൊഴിലാളികളുടെ പരമാവധി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി വീടുകളിലെത്തി നോട്ടീസ് വിതരണം അടക്കമുള്ള പ്രചാരണ പരിപാടി നടത്താനും യോഗത്തിൽ തീരുമാനമായി.
മെയ് 11 നു നടക്കുന്ന തീരസദസ്സു പരിപാടിയിൽ മത്സ്യ തൊഴിലാളികളുടെ പ്രശ്ന പരിഹാരങ്ങളും അവരുടെ ഉന്നമനത്തിനായുള്ള കാര്യങ്ങളും വിശകലനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ പരാതികൾ ഓൺലൈൻ പോർട്ടൽ വഴി രേഖപ്പെടുത്താം. കൂടാതെ പരപ്പനങ്ങാടി മത്സ്യഭവൻ ഓഫിസ്, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി , സംഘം ഓഫീസ് എന്നിവിടങ്ങളിൽ ഹെല്പ് ഡെസ്ക് സൗകര്യം ഒരുക്കും.
ഈ മാസം 23 മുതൽ മെയ് 25 വരെ സംസ്ഥാനത്തെ 47 തീരദേശ മണ്ഡലങ്ങളിലാണ് ഫിഷറീസ് വകുപ്പ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി, ആലുങ്ങൽ ബീച്ച് , അരയൻ കടപ്പുറം എന്നീ മത്സ്യഗ്രാമങ്ങളിലെ തീരദേശവാസികൾക്കായാണ് പരപ്പനങ്ങാടി എസ്.എൻ.എം എച്ച് .എസ്.എസ് ൽ തീരസദസ്സ് നടത്തുന്നത് .
മുനിസിപ്പാലിറ്റിയിൽ ചേർന്ന യോഗത്തിൽ കെ .പി.എ മജീദ് എം ൽ എ, മുനിസിപ്പാലിറ്റി ചെയർമാൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീർ , വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികൾ , സംഘം പ്രസിഡന്റുമാർ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ബിസ്‌ന വി , ഫിഷറീസ് ഓഫിസർ സബിത, മത്സ്യഫെഡ് ഓഫിസർ സാഗർമിത്ര, പ്രമോട്ടർമാർ,കോ ഓഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.





