തിരുവനന്തപുരം: കേരളത്തിലെ കൊടിയ ചൂടിൽനിന്ന് അല്പം ആശ്വാസം ഏകുന്ന വാർത്ത. മൂന്ന് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, കൊല്ലം, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
|
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലൊന്നും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് ശക്തമായ ചൂടാണ് വിവിധ ജില്ലകളിൽ അനുഭവപ്പെടുന്നത്. ഇന്നലെ മുതൽ 19 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





