കവര്‍ച്ചയ്ക്കു കയറിയ വീട്ടിലെ എസി മുറിയില്‍ ക്ഷീണമകറ്റാന്‍ ഉറങ്ങിയ മോഷ്ടാവിനെ രാവിലെ വിളിച്ചുണര്‍ത്തിയത് പോലീസ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ ഡോക്ടറുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കപില്‍ എന്ന യുവാവിനാണ് ഉറക്കം പണി നല്‍കിയത്.
|
ഇന്ദിരാ നഗറിലെ സെക്ടര്‍ 20ല്‍ ഡോ. സുനില്‍ പാണ്ഡെയുടെ പൂട്ടിയിട്ട വീട്ടിലാണ് മോഷ്ടാവ് കയറിയത്. വിലപിടിപ്പുള്ള വസ്തുക്കളെല്ലാമെടുത്ത ശേഷം മുറിയിലെ എ സി ഓണാക്കി കപില്‍ ഉറങ്ങാന്‍ കിടന്നു. കുറച്ചുസമയത്തിനു ശേഷം പോകാമെന്നായിരുന്നു ഇയാളുടെ ചിന്ത.
ഡോക്ടറുടെ വീടിന്റെ കതക് പൊളിച്ചിരിക്കുന്നത് രാവിലെ അയല്‍വാസി കണ്ടതാണ് മോഷ്ടാവിന് വിനയായത്. അയല്‍വാസി നല്‍കിയ വിവരമനുസരിച്ച് പോലീസ് എത്തിയപ്പോള്‍ വീടിനുള്ളില്‍ ഗാഢനിദ്രയിലായ മോഷ്ടാവിനെ കാണുകയുമായിരുന്നു.തുടര്‍ന്ന് ഇയാളെ വിളിച്ചുണര്‍ത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പാചകവാതക സിലിണ്ടറും വാഷ് ബേസിനും മോട്ടോറുമടക്കമുള്ള വസ്തുക്കള്‍ കൊണ്ടുപോവാനായി കപില്‍ എടുത്തിരുന്നു. ഇവയടക്കം ഒരു മുറിയില്‍ കൂട്ടിവച്ച ശേഷമായിരുന്നു ഇയാള്‍ ഉറങ്ങാന്‍ കിടന്നത്.





