01
Jul 2023
Sat
01 Jul 2023 Sat

90 അടി നീളത്തിലുള്ള ഇരുമ്പുപാലം മോഷ്ടാക്കള്‍ മുറിച്ചുകടത്തി. ആറായിരം കിലോഗ്രാം ഭാരംവരുന്ന പാലമാണ് മോഷ്ടാക്കള്‍ മുറിച്ചുകടത്തിയത്. ഉയര്‍ന്ന വോള്‍ട്ടേജിലുള്ള കേബിളുകള്‍ കടന്നുപോവുന്നതിനു സ്ഥാപിച്ചതായിരുന്നു പാലം. മുംബൈയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മോഷ്ടാക്കളായ നാലുപേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മലഡിലാണ് അധികൃതര്‍ ഇത്തരത്തിലൊരു ഇരുമ്പുപാലം സ്ഥാപിച്ചിരുന്നത്. ചാലിനു മുകളിലൂടെ കേബിളുകള്‍ കൊണ്ടുപോവുന്നതിന് നിര്‍മിച്ച പാലം കാണാതെ പോയതിനെ തുടര്‍ന്ന് നിര്‍മാണക്കമ്പനി ജൂണ്‍ 26ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ ജൂണ്‍ 6 വരെ പാലം അവിടെ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. പ്രദേശത്ത് സിസിടിവി ഇല്ലാതിരുന്നതിനാല്‍ അന്വേഷണം ശ്രമകരമായിരുന്നു. പിന്നീട് മേഖലയിലെ മറ്റ് സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ ജൂണ്‍ 11ന് പാലം ഉള്ള സ്ഥലത്തുനിന്ന് ലോറി വരുന്നത് കണ്ടെത്തി. രജിസ്‌ട്രേഷന്‍ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം കണ്ടെത്തുകയും വാഹനത്തില്‍ നിന്ന് ഗ്യാസ് കട്ടിങ് മെഷീനുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇവ ഉപയോഗിച്ചായിരുന്നു മോഷ്ടാക്കള്‍ പാലം മുറിച്ചുകടത്തിയത്.