|
ചെന്നൈ: മലയാളികളുടെ ആഘോഷമായ ഓണത്തിന് എല്ലാ മലയാളികള്‍ക്കും മലയാളത്തില്‍ ആശംസനേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ‘മാവേലിയുടെ നാട് പോലെ ഒരുമയും സമത്വവും വീണ്ടും ഉണ്ടാവണം. എല്ലാവരെയും ഒരു പോലെ കാണുന്ന കേന്ദ്ര സര്‍ക്കാര്‍ വരണം. നമുക്ക് ഒന്നിച്ച് നില്‍ക്കാം. പ്രിയപ്പെട്ട മലയാളികള്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോ സന്ദേശത്തില്‍ സ്റ്റാലിന്‍ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഓണാശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മലയാളികള്‍ക്ക് ഓണാശംസകള്‍ അറിയിച്ചിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നു നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമത്വസുന്ദരവും ഐശ്വര്യപൂര്‍ണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കല്‍പം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.





