മടിച്ചുനിന്ന സ്വര്‍ണവില ഇന്ന് ഞെട്ടിച്ചു; അഭരണപ്രേമികള്‍ക്ക് കണ്‍ഫ്യൂഷന്‍
|
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഏതാനും ആഴ്ചകളായി താഴേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. കുറച്ച് ദിവസമായി നാമമാത്രമായ മാറ്റമാണ് വിലയിലുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വിപണിയെ ഞെട്ടിച്ച് ഒറ്റയടിക്ക് വില കൂടി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53600 രൂപയാണ് കേരളത്തില്‍ വില. 520 രൂപയാണ് ഇന്ന് പവന് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6700 രൂപയായി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ ചുരുങ്ങിയത് 58000 രൂപ ചെലവ് വന്നേക്കും. പണിക്കൂലി ഉള്‍പ്പെടെയുള്ള അനുബന്ധ നിരക്കുകള്‍ കൂടി ചേരുമ്പോഴാണിത്.
ആഗോള വിപണിയിലെ സാഹചര്യം മാറിയതിന് അനുസരിച്ചാണ് കേരളത്തിലും സ്വര്‍ണ വിപണിയും ഇളകിയത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില വൈകാതെ റെക്കോര്‍ഡിലെത്തും. വരുംദിവസങ്ങളില്‍ സ്വര്‍ണവില മുന്നേറുമെന്നാണ് വിപണി നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.
അമേരിക്കന്‍ ഡോളര്‍ മൂല്യം കുറഞ്ഞുവരികയാണ്. ഇന്ത്യന്‍ രൂപയും വലിയ തോതില്‍ കരുത്ത് കാട്ടിയിട്ടില്ല. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണവില വരും ദിവസങ്ങളില്‍ വലിയ തോതില്‍ താഴുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല.
ഡോളര്‍ മൂല്യം കുറഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ ഒരു കാരണം. ഡോളര്‍ സൂചിക 105.33ലേക്ക് ഇടിഞ്ഞിട്ടുണ്ട്. നേരത്തെ 106 വരെ ഉയര്‍ന്ന ശേഷമാണ് ഈ ഇടിവ്.


