27
Dec 2023
Sat
27 Dec 2023 Sat

ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ മഴ സജീവമാകുമെന്ന് പ്രവചനം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതോടെ കേരളത്തില്‍ മഴ സജീവമാകുമെന്ന് പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രൂപപ്പെടുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം നാളെ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ട ശേഷം കേരളത്തില്‍ മഴ സാഹചര്യം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ന് കേരളത്തില്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മാത്രമല്ല കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി വരെ കടലാക്രമണത്തിനും സാധ്യതയുണ്ട്.

ഇന്ന് അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ നാളെ 3 തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനാണ് സാധ്യത. തുടര്‍ന്ന് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഡിസംബര്‍ 4 വൈകുന്നേരത്തോടെ തെക്കന്‍ ആന്ധ്രാപ്രദേശിനും വടക്കന്‍ തമിഴ്‌നാട് തീരത്ത് ചെന്നൈക്കും മച്ചലിപട്ടണത്തിനും ഇടയില്‍ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.4 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രംഅറിയിച്ചു. ആയതിനാല്‍ തീരദേശവാസികളും, കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.