17
Feb 2024
Sat
17 Feb 2024 Sat

ഇനി True Caller ആപ്പിന്റെ സേവനം ആവശ്യംവരില്ല, വിളിക്കുന്നവരുടെ പേര് ഫോണില്‍ തെളിയണം, അടിപൊളി നിര്‍ദേശവുമായി ട്രായ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പറില്‍നിന്നാണെങ്കിലും വിളിക്കുന്ന ആളുടെ പേര് കാണാന്‍ കഴിയുന്ന സംവിധാനം നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) ടെലികോം വകുപ്പിനോട് നിര്‍ദേശിച്ചു. കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കി ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയുകയാണ് ലക്ഷ്യം.

ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം. ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്‌ക്രീനില്‍ കാണാം. നിലവില്‍ ഈ സംവിധാനത്തിന് സ്വകാര്യ ആപ്പായ ട്രു കോളര്‍ ആണ് ഉപയോഗിക്കാറുള്ളത്.

കമ്പനികളുടെ ബള്‍ക്ക് കോര്‍പറേറ്റ് കണക്ഷനുകളില്‍ നിന്നുള്ള കോളുകളില്‍ ട്രേഡ്മാര്‍ക്ക് പേര്, ട്രേഡ് നെയിം തുടങ്ങിയവ ദൃശ്യമാകും. ടെലികോം കമ്പനികളുമായി നീണ്ട കൂടിയാലോചന നടത്തിയാണ് ട്രായ് ശുപാര്‍ശ നല്‍കിയത്.

അതേസമയം ഒരാള്‍ക്ക് പേര് മറച്ച് വെയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കുമ്പോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. സംവിധാനം രാജ്യത്താകെ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതിക്ക് പകരം തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.

Trai pushes for caller name display on all phones to tackle spam