28
Mar 2024
Tue
28 Mar 2024 Tue

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി നേതാവും എംപിയുമായ ദിലീപ് ഘോഷ് നടത്തിയ പരാമർശം വിവാ​​ദത്തിൽ. മമതയുടെ പിതൃത്വം ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ഘോഷിന്റെ പ്രസം​ഗം. ​’ഗോവയിൽ ചെന്നപ്പോൾ ​ഗോവയുടെ മകളാണെന്ന് പറയുന്നു, ത്രിപുരയിൽ ചെന്നപ്പോൾ ത്രിപുരയുടെ മകളാണെന്ന് പറയുന്നു, നിങ്ങളുടെ പിതാവിനെ ആദ്യം തീരുമാനിക്ക്. ആരുടെയെങ്കിലും മകൾ എന്ന് പറയുന്നതിനേക്കാൾ ഭേദമാണത്’ എന്ന് ഇയാള്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിൻ്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ബംഗ്ലാ നിജേർ മെയ്കെയ് ഛേ’ എന്നതുമായി ബന്ധപ്പെട്ടാണ് ദിലീപ് ഘോഷിൻ്റെ പരാമർശം. മമത ബാനർജിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി നേതാവിനെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ബംഗാളിലെ ബിജെപി നേതാവ് സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുകയാണെന്നും സ്വന്തം പാർട്ടിയിലുള്ള അദ്ദേഹത്തിന്‍റെ അരക്ഷിതാവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നതെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് എക്സില്‍ കുറിച്ചു. 2021ൽ ദുർഗാദേവിയെ കുറിച്ചും ദിലീപ് വിവാദ പരാമർശം നടത്തിയിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ദിലീപ് ഘോഷിനോടും ബിജെപിയോടും ബംഗാളിലെ സ്ത്രീകൾ മറുപടി പറയുമെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.