തൃശൂർ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി തൃശൂർ ടൈറ്റൻസ്. ഇതിന്റെ ഭാഗമായി ടീമിന്റെ ജഴ്സിയും ആന്തവും പുറത്തിറക്കി. തൃശൂർ അത്രേയ ക്രിക്കറ്റ് അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ ടൈറ്റൻസിന്റെ പരിശീലകനും മുൻ കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സുനിൽ ഒയാസിസ്, ടീമംഗം വരുൺ നായനാർ എന്നിവരുടെ സാന്നിധ്യത്തിൽ ചലച്ചിത്രതാരം ദേവ് മോഹൻ, ടൈറ്റൻസ് ടീം ഉടമ സജ്ജാദ് സേട്ട്, എന്നിവർ ചേർന്നാണ് ജഴ്സി പുറത്തിറക്കിയത്. ചടങ്ങിൽ തൃശൂർ ടൈറ്റൻസിന്റെ ക്യാപ്പ്റ്റനായി വരുൺ നായനാരെ പ്രഖ്യാപിച്ചു.
|
‘ഞങ്ങൾ തൃശൂർ ടൈറ്റൻസ്’ എന്ന ടീം ആന്തം ടൈറ്റൻസ് ടീം സി.ഇ.ഒ ശ്രീജിത്ത് രാജൻ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവായ ബി.കെ. ഹരിനാരായണൻ രചിച്ച ആന്തത്തിന് സംഗീതം നൽകിയിരിക്കുന്നത് നിരഞ്ജ് സുരേഷാണ്. സച്ചിൻ വാര്യറും നിരഞ്ജ് സുരേഷും ചേർന്നാണ് ആന്തം സോങ് ആലപിച്ചിരിക്കുന്നത്.
തൃശൂരിന്റെ സ്വന്തം പൂരത്തിൽ നിന്നും അതിന്റെ പീതവർണത്തിൽ നിന്നും സമൃദ്ധമായ പ്രകൃതിയുടെ പച്ചപ്പിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ടൈറ്റൻസിന്റെ ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത്. ഉത്സവനഗരിയായ തൃശൂരിനും ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിന്റെ പ്രകൃതിമനോഹാരിതയ്ക്കുമുള്ള സമർപ്പണമാണ് ജഴ്‌സിയുടെ രൂപകല്പ്പനയെന്ന് ടീം ഉടമ സജ്ജാദ് സേട്ട് പറഞ്ഞു.


