ഗുരുവായൂര്‍ ഇരിങ്ങപ്പുറത്ത്
50-കാരിയായ വീട്ടമ്മയെ വീടിനടുത്തുള്ള പറമ്പില്‍ ശരീരമാസകലം തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പലിശക്കാരുടെ ഭീഷണിയെന്ന് ആരോപണം.
ഇരിങ്ങപ്പുറം പുതുവീട്ടില്‍ ഷിഹാബിന്റെ ഭാര്യ ജുമൈലയെയാണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
മരണത്തിന് പിന്നാലെ പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലാണ് പലിശക്കാരുടെ നിരന്തര ഭീഷണിയെക്കുറിച്ച് പരാമര്‍ശമുള്ളത്. ഏകദേശം ഒരു വര്‍ഷം മുന്‍പ് നാട്ടുകാരിയായ ഒരു സ്ത്രീയില്‍ നിന്ന് ജുമൈല 50,000 രൂപ പലിശയ്ക്ക് വാങ്ങിയിരുന്നുവെന്നാണ് സൂചന. ഇതിന് പ്രതിമാസം 10,000 രൂപ വീതം എട്ടുമാസം തിരിച്ചടച്ചെങ്കിലും കഴിഞ്ഞ രണ്ട് മാസമായി കുടിശ്ശിക മുടങ്ങിയതോടെ ഭീഷണികള്‍ ശക്തമായതായി കുറിപ്പില്‍ പറയുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പലിശയിടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളും കുറിപ്പില്‍ പരാമര്‍ശിക്കുന്ന സ്ത്രീയുടെ പങ്കും പരിശോധിച്ച് കൂടുതല്‍ മൊഴികള്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമാണോ, അതോ മറ്റ് കാരണങ്ങളോ ജുമൈലയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നതും അന്വേഷണ പരിധിയിലുണ്ട്.



