വാഷിങ്ടണ്‍: ഇറാനിന്റെ ഭാഗത്തുനിന്നുള്ള വധഭീഷണിയെ തുടര്‍ന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം തുര്‍ക്കിയില്‍ നിന്ന് രഹസ്യ സൈനിക വിമാനത്തില്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രംപ് ‘എയര്‍ ഫോഴ്‌സ് വണ്‍’ (Air Force One) വിമാനത്തിലുണ്ടെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, അതൊരു വ്യാജ പ്രചാരണമായിരുന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് (Washington Post) തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
|
ഖത്തര്‍ സമ്മാനമായി നല്‍കിയതും പുതുക്കിപ്പണിതതുമായ പുതിയ ബോയിംഗ് വിമാനത്തിലാണ് നാറ്റോ (NATO) ഉച്ചകോടിക്കായി ട്രംപ് അങ്കാറയിലെത്തിയത്. എന്നാല്‍ അവിടെനിന്ന് മടങ്ങുമ്പോള്‍ അദ്ദേഹം അപ്രതീക്ഷിതമായി പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനം ഉപയോഗിച്ചതോടെയാണ് പുതിയ വിമാനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന തുര്‍ക്കിയിലേക്കുള്ള ഈ യാത്ര, പുതിയ വിമാനത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനം കൂടിയായിരുന്നു.
അങ്കാറയില്‍ ക്യാമറകള്‍ക്ക് മുന്നില്‍ വച്ച് ട്രംപ് പഴയ എയര്‍ ഫോഴ്‌സ് വണ്ണിലേക്ക് കയറിയെങ്കിലും, പിന്നീട് വിമാനത്താവളത്തിലെ ഭക്ഷണം എത്തിക്കുന്ന ട്രക്കിലേക്ക് (Catering Truck) രഹസ്യമായി അദ്ദേഹത്തെ മാറ്റുകയായിരുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടെനിന്ന് എയര്‍ ഫോഴ്‌സിന്റെ ചെറിയ സി-32എ (C-32A) സൈനിക വിമാനത്തിലേക്ക് ട്രംപിനെ മാറ്റി. ഈ ചെറിയ വിമാനത്തിലാണ് ട്രംപ് ബ്രിട്ടനിലേക്ക് പറന്നത്.
മാധ്യമപ്രവര്‍ത്തകരുമായി പറന്ന വലിയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനം എത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് രാത്രി 10:20 ഓടെ ട്രംപിന്റെ വിമാനം ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തു. പഴയ ഓര്‍മ്മ പുതുക്കാനാണ് താന്‍ പഴയ എയര്‍ ഫോഴ്‌സ് വണ്ണില്‍ ബ്രിട്ടനിലെ മില്‍ഡന്‍ഹോളിലേക്ക് പോകുന്നതെന്നും, പുതിയ വിമാനം സൈനികര്‍ക്ക് സന്ദര്‍ശിക്കാന്‍ അതേ ബേസില്‍ നിര്‍ത്തിയിടുമെന്നുമായിരുന്നു ട്രംപ് സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ (Truth Social) കുറിച്ചിരുന്നത്.
എന്നാല്‍ മൂന്നാമതൊരു വിമാനത്തില്‍ ട്രംപ് രഹസ്യ യാത്ര നടത്തിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ പ്രതികരിച്ച വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ചിയാങ്, ഖത്തര്‍ നല്‍കിയ വിമാനത്തില്‍ പ്രസിഡന്റിന്റെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉയര്‍ന്ന ലെവല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ‘പ്രസിഡന്റിനെ ലക്ഷ്യമിടുന്ന നിരവധി ശത്രുക്കള്‍ അമേരിക്കയ്ക്കുണ്ട്, ആ ഭീഷണികളെ നേരിടാന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ട്,’ ചിയാങ് വ്യക്തമാക്കി. സംഭവം സംബന്ധിച്ച് പ്രതികരിക്കാന്‍ പെന്റഗണ്‍ തയ്യാറായിട്ടില്ല
Tags: Donald Trump, Air Force One, Turkey NATO Summit, Iran Threat, US President Security, Washington Post, World News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





