US military ‘looking at very strong options’ on Iran ഇറാന്‍ ഭരണകൂടം പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്ന പശ്ചാത്തലത്തില്‍, അവര്‍ക്കെതിരെ സ്വീകരിക്കാവുന്ന ‘വളരെ ശക്തമായ നടപടികളെക്കുറിച്ച്’ യുഎസ് സൈന്യം ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
|
എയര്‍ ഫോഴ്‌സ് വണ്ണില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ ഇറാനെ ലക്ഷ്യം വയ്ക്കുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇറാന്‍ തന്റെ ‘റെഡ് ലൈന്‍’ (അന്ത്യശാസനം) ലംഘിച്ചോ എന്ന ചോദ്യത്തിന്, ‘അവര്‍ അത് ലംഘിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ അനാവശ്യമായി ആളുകളെ കൊല്ലുകയാണ്. അക്രമത്തിലൂടെയാണ് അവര്‍ ഭരിക്കുന്നത്,’ എന്ന് അദ്ദേഹം മറുപടി നല്‍കി.
‘ഞങ്ങള്‍ ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സൈന്യം ഇക്കാര്യം പരിശോധിക്കുന്നുണ്ട്. വളരെ ശക്തമായ ചില ഓപ്ഷനുകള്‍ ഞങ്ങളുടെ മുന്നിലുണ്ട്. ഞങ്ങള്‍ ഉടന്‍ തന്നെ ഒരു തീരുമാനമെടുക്കും,’ അദ്ദേഹം പറഞ്ഞു. ഇറാനിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോ മണിക്കൂറിലും തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന് തിരിച്ചടിയായി സൈനിക നടപടികള്‍ ഉള്‍പ്പെടെയുള്ള വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച ഉന്നതതല യോഗം വിളിച്ചതായാണ് റിപോര്‍ട്ട്. പ്രമുഖ അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാനില്‍ യുഎസ് ഇടപെടാനുള്ള സാധ്യതയെക്കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടുണ്ട്.
അമേരിക്കന്‍ ലക്ഷ്യങ്ങളില്‍ ബോംബിടുമെന്ന് ഇറാന്‍
എന്നാല്‍, ഏത് യുഎസ് ആക്രമണവും ഇസ്രായേലിനും മേഖലയിലെ യുഎസ് താവളങ്ങള്‍ക്കും നേരെ ബോംബാക്രമണത്തിലേക്ക് നയിക്കുമെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പ്രഖ്യാപിച്ചു. വാഷിംഗ്ടണ്‍ ആക്രമിച്ചാല്‍ യുഎസ് സൈനിക-വാണിജ്യ താവളങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്‍ സൂചിപ്പിച്ചിരുന്നു. ഇതിനോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘അവര്‍ അങ്ങനെ ചെയ്താല്‍, ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തിരിച്ചടി ഞങ്ങള്‍ നല്‍കും. അത്രത്തോളം ശക്തമായ ഓപ്ഷനുകള്‍ എന്റെ പക്കലുണ്ട്.’
മറ്റൊരു റൗണ്ട് ആണവ ചര്‍ച്ചകള്‍ നടത്താന്‍ ഇറാന്‍ ഇന്നലെ യുഎസിനെ സമീപിച്ചതായും ട്രംപ് അവകാശപ്പെട്ടു. ‘ഒരു കൂടിക്കാഴ്ച നിശ്ചയിച്ചുവരികയാണ്. അവര്‍ ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നു. എന്നാല്‍ ആ കൂടിക്കാഴ്ചയ്ക്ക് മുമ്പ് തന്നെ ഞങ്ങള്‍ക്ക് നടപടി എടുക്കേണ്ടി വന്നേക്കാം,’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഗാസ ബോര്‍ഡ് ഓഫ് പീസ് (Gaza Board of Peace) പാനല്‍ പ്രഖ്യാപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ സമയപരിധി നല്‍കാന്‍ ട്രംപ് തയ്യാറായില്ല. കഴിഞ്ഞ മാസം പ്രഖ്യാപിക്കാനിരുന്ന ഈ പാനലിന്റെ ഔദ്യോഗിക അറിയിപ്പ് പലതവണ മാറ്റിവെച്ചിരുന്നു.





