വാഷിങ്ടണ്‍: അമേരിക്കയുടെ താരിഫ് യുദ്ധത്തിന് മറുപടിയുമായി ചൈന രംഗത്തുവരികയും കൂടുതല്‍ നികുതി പരസ്പരം ഏര്‍പ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ആഗോളവിപണി ഇടിഞ്ഞുകൊണ്ടിരിക്കെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നയം ഇന്ന് പ്രാബല്യത്തില്‍. ഇന്ത്യയടക്കം 86 രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് പ്രഖ്യാപിച്ച പകരം തീരുവ (Reciprocal Tariff ) യുഎസ് വ്യാപാര നിയമം വകുപ്പ് 301 പ്രകാരമുള്ള നടപടി (ഏപ്രില്‍ 9 മുതല്‍) ഇന്ത്യന്‍ സമയം പകല്‍ 9.30 ഓടെ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തീരുവ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി 77 രാജ്യങ്ങള്‍ ഇതുവരെ യുഎസിനെ സമീപിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ജപ്പാന്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരിക്കും ഇത് സംബന്ധിച്ച ആദ്യ ചര്‍ച്ചകള്‍.
|
പുതിയ നിയമം അനുസരിച്ച ചൈനയ്ക്ക് മേല്‍ 104 ശതമാനം പകരം തീരുവയാണ് ട്രംപ് ചുമത്തിയിരിക്കുന്നത്. യുഎസ് ഉത്പന്നങ്ങള്‍ക്ക് ചൈന ചുമത്തിയ 34 ശതമാനം അധിക തീരുവ പിന്‍വലിക്കാത്ത പശ്ചാത്തലത്തിലാണ് തീരുവ നൂറിനും മുകളിലാക്കിയത്. നികുതി കുറയ്ക്കുന്നതിനായി ചൈനയ്ക്ക് തിങ്കളാഴ്ച വരെ ട്രംപ് കാലാവധി നല്‍കിയെങ്കിലും ചൈന അവഗണിച്ചതോടെയാണ് ചുങ്കം ഇരട്ടിപ്പിച്ചത്. ചില ചൈനീസ് ഉല്പന്നങ്ങള്ക്ക് 125 ശതമാനം വരെ തീരുവ വര്‍ധിക്കും. യുഎസ് ഉല്പന്നങ്ങള്ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരതീരുവ 104 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന തീരുവ. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് 26 ശതമാനമാണ് പകരതീരുവ ചുമത്തിയിരിക്കുന്നത്.
യുഎസിന്റെ പകരം തീരുവ പ്രഖ്യാപനം ഇന്ത്യയിലേതുള്‍പ്പെടെ ആഗോള ഓഹരി വിപണിയില്‍ ഉണ്ടാക്കിയ തിരിച്ചടി തുടരുകയാണ്. അമേരിക്കന്‍ ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. വ്യാപാര യുദ്ധത്തില്‍ വിജയികളില്ലെന്ന ചൈനയുടെ പ്രഖ്യാപനം ശരിവയ്ക്കുന്നവിധത്തിലാണ് വിപണിയിലെ പ്രതിഫലനങ്ങള്‍.
അതേസമയം, യുഎസ് ഭീഷണിക്ക് കീഴടങ്ങില്ലെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. മറ്റുള്ളവര്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വഴങ്ങണമെന്ന് അമേരിക്ക നിര്‍ബന്ധം പിടിക്കരുത്. അങ്ങനെയാണെങ്കില്‍ അവസാനം വരെ പോരാടുമെന്നും ചൈന പ്രഖ്യാപിച്ചു.
Trump’s retaliatory tariffs on countries including India will start from today


