ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് കൈവശപ്പെടുത്തിയ ഹാക്കർ പേരും ഡിസ്പ്ലേ ചിത്രവും മാറ്റുകയും ചെയ്തു. യുഗാ ലാബ്സ് എന്ന പേരിലേക്കാണ് അക്കൗണ്ട് മാറ്റിയത്. ഇന്നാണ് ഹാക്കിങ് നടന്നിരിക്കുന്നത്.
|
എന്നാൽ ഹാക്ക് ചെയ്തവർ അക്കൗണ്ടിൽ ഇതുവരെ ട്വീറ്റുകളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്തിട്ടില്ല. ഹാക്കിങ്ങിനെക്കുറിച്ച് ട്വിറ്ററിനെ അറിയിച്ചിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തൃണമൂൽ അറിയിച്ചു.
അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്തു. പ്രശ്‌നം പരിഹരിക്കാൻ ട്വിറ്ററിലെ ഉദ്യോഗസ്ഥരുമായി ഞങ്ങൾ ബന്ധപ്പെട്ടുവരികയാണ്. ഉടൻ നടപടിയെടുക്കുമെന്ന് അവർ ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്”- തൃണമൂൽ നേതാവ് ഡെറക് ഒബ്രിയാൻ പറഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള ഒരു ബ്ലോക്ക്ചെയിൻ ടെക്നോളജി കമ്പനിയാണ് യുഗ ലാബ്സ്. ക്രിപ്‌റ്റോ കറൻസി- ഡിജിറ്റൽ മീഡിയ മേഖലകളിലാണ് കമ്പനിയുടെ പ്രവർത്തനം.
കഴിഞ്ഞ വർഷം ഡിസംബർ 10ന് വൈഎസ്ആർ കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് അക്കൗണ്ട് ക്രിപ്റ്റോ കറൻസികൾ പ്രൊമോട്ട് ചെയ്യാനും തുടങ്ങി. പാർട്ടിയുടെ ട്വിറ്റർ ബയോ വിവരണം “എൻഎഫ്റ്റി മില്യണയർ” എന്നാക്കി മാറ്റുകയും ചെയ്തു.
കൂടാതെ ഡിസ്പ്ലേ ചിത്രം ബോറെഡ് ആപ്പ് യാച്ച് ക്ലബ് ശേഖരത്തിൽ നിന്നുള്ള ചിത്രമാക്കി മാറ്റുകയും ചെയ്തിരുന്നു. അതിനു മുമ്പ് ഒക്ടോബറിൽ തെലുങ്കുദേശം പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.





