ആള്‍ത്താമസമില്ലാത്ത വീടിന്റെ ചുവരിടിഞ്ഞുവീണ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് സംഭവം. അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
|
മുക്കാലിയില്‍ നിന്നു നാല് കിലോമീറ്റര്‍ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിന്റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.
അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. 8 വര്‍ഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുകയായിരുന്നു കുട്ടികള്‍. ഇതിനിടയിലാണ് അപകടം.
സ്ഥിരമായി കുട്ടികള്‍ ഇതിന് മുകളില്‍ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളില്‍ തുണി ഉണക്കാന്‍ ഇടാന്‍ എത്താറുണ്ട്. സ്‌കൂള്‍ ഇല്ലാത്തതിനാല്‍ കുട്ടികള്‍ കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. കുട്ടികളുടെ മൃതശരീരം കോട്ടത്തറ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.





