29
Jan 2024
Wed
29 Jan 2024 Wed

ചെന്നൈ: ജെല്ലിക്കെട്ട് മത്സരത്തിനിടെ വിരണ്ടോടിയ കാളകളുടെ ഇടിയും ചവിട്ടുമേറ്റ് കുട്ടി ഉൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം. 70ലേറെ പേർക്ക് പരിക്കേറ്റു. മധുരയ്ക്ക് സമീപം സിരവയലിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെയാണ് അപകടം. വളയമ്പട്ടി സ്വദേശി 11 വയസുകാരൻ രവി, 35കാരനായ യുവാവ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിന് ശേഷം കാളകളെ ഉടമകൾ പിടിച്ചുകെട്ടുന്നതിനിടയിൽ വിരണ്ടോടിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലേക്ക് കാളകൾ തലങ്ങും വിലങ്ങും ഓടിക്കയറുകയായിരുന്നു.186 കാളകളാണ് മത്സരത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്.

കനത്ത സുരക്ഷയിൽ മാത്രമേ ജെല്ലിക്കെട്ട് മത്സരങ്ങൾ നടത്താവൂ എന്ന് സുപ്രിംകോടതി ഉത്തരവ് ഉണ്ട്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഇരട്ടബാരിക്കേഡുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെടുന്നില്ലെന്ന പരാതികൾ വ്യാപകമാണ്.

കഴിഞ്ഞ ദിവസം മധുര ജില്ലയിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടയിൽ അപകടത്തിൽ അറുപതിലേറെ പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ജെല്ലിക്കെട്ട് മത്സരം നടക്കുകയാണ്.