23
Jan 2025
Wed
23 Jan 2025 Wed

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ആറ് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മട്ടന്നൂര്‍ ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം.

തലശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയ സമയത്ത് ഇരിട്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മട്ടന്നൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏറെ പണിപെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

Car and private bus collide in Mattanur