ശബരിമല തീർഥാടന കാലയളവിൽ മോഷണം നടത്തുന്നതിനായി എത്തിയതെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് തിരിച്ചറിഞ്ഞ യുവതികളിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപയും കണ്ടെത്തി.
|
കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി (ഭവാനി, അനു), തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത (ലക്ഷ്മി, പാർവതി) എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഇരുവരും വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയതോടെ ജീവനക്കാർ റാന്നി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.ടി. ഷിന്റോയെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹം റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിനെ വിവരം ധരിപ്പിക്കുകയായിരുന്നു.
ഡിവൈഎസ്പിയുടെ നിർദേശപ്രകാരം പൊലീസ് സംഘം റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





