കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന് തിരിച്ചടിയായി സാക്ഷികളുടെ കൂറുമാറ്റം. കേസില്‍ വിസ്താരത്തിനിടെ ആറു സാക്ഷികളാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റി കൂറുമാറിയത്.
|
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ അപേക്ഷയെ തുടര്‍ന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന് ഇവരെ ഔദ്യോഗികമായി കൂറുമാറിയതായി പ്രഖ്യാപിച്ചു. പ്രതികളുമായുള്ള വ്യക്തിപരമായ അടുപ്പവും ബന്ധവുമാണ് ഇവര്‍ മൊഴി മാറ്റാന്‍ കാരണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
കൂറുമാറിയ പ്രധാന സാക്ഷികളും മൊഴികളും
തിങ്കളാഴ്ച കോടതിയില്‍ വിസ്തരിച്ചവരാണ് വിചാരണയ്ക്കിടെ മൊഴി മാറ്റിയത്:
മുഹമ്മദ് അബ്ദുള്‍: ആറാം പ്രതി പി.എം. റെജീബിന്റെ അയല്‍ക്കാരനായ ഇയാള്‍, തന്റെ വീട്ടില്‍വെച്ച് പൊലീസ് തയ്യാറാക്കിയ സെര്‍ച്ച് ലിസ്റ്റില്‍ ഒപ്പിട്ടതാണെന്ന് സമ്മതിച്ചെങ്കിലും ഒപ്പിട്ട സ്ഥലം സംബന്ധിച്ച് മൊഴി മാറ്റിപ്പറഞ്ഞു.
സിറാജ്: ഏഴാം പ്രതി അബ്ദുള്‍ നാസറിന്റെ അയല്‍ക്കാരനായ ഇയാള്‍, പൊലീസ് രേഖകളില്‍ താന്‍ ഒപ്പിട്ടിട്ടേയില്ലെന്ന് കോടതിയില്‍ മൊഴി നല്കി.
അമാന്‍ മൊയ്തീന് & നൗഫാന്‍ മൊയ്തീന്: കേസിലെ എട്ടാം പ്രതി ആദില്‍ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം ഇവര്‍ക്ക് വിറ്റതാണെന്ന മുന്‍ മൊഴിയാണ് സഹോദരങ്ങളായ ഇരുവരും കോടതിയില്‍ നിഷേധിച്ചത്.
റൂബിയ: 12-ാം പ്രതി മുഹമ്മദ് ഷഹീമിന്റെ ഭാര്യയായ ഇവര്‍, തന്റെ ഭര്‍ത്താവ് ബൈക്ക് ഉപയോഗിക്കാറില്ലെന്നും സംഭവത്തിനുശേഷം ഒളിവില്‍ പോയിട്ടില്ലെന്നുമാണ് മൊഴി നല്‍കിയത്.
ശ്രീനാഥ്: 16-ാം പ്രതി സനിദ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകനായ ഇയാള്‍, തന്റെ സഹപ്രവര്ത്തകന് ഒളിവില്‍ പോയതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
2018 ജൂലൈ 2-നാണ് എറണാകുളം മഹാരാജാസ് കോളേജിന്റെ ഗേറ്റിന് മുന്നില്‍ വെച്ച് ക്യാമ്പസ് ഫ്രണ്ട് – പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യു (20) കൊല്ലപ്പെടുന്നത്. കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആക്രമണത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയായ അര്‍ജുനും ഗുരുതരമായി പരിക്കേറ്റിരുന്നു.
അഭിമന്യുവിന്റെ മാതാവ് ഭൂപതി നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, വിചാരണ നാല് മാസത്തിനകം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 15 മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ അതിവേഗം പുരോഗമിച്ചുവരികയാണ്. അഭിമന്യുവിന്റെ സഹോദരന് പരിജിത് മനോഹരനുവേണ്ടി അഭിഭാഷകരായ കെ.പി. അമൃത, പി.എം. ആതിര എന്നിവരും പ്രതികള്‍ക്കായി അനില്‍ മുഹമ്മദ്, പി.എ. ഹാരിസ് എന്നിവരും ഹാജരാകുന്നു. കേസിന്റെ സാക്ഷിവിസ്താരം തുടര്‍ ദിവസങ്ങളിലും തുടരും.
Tags: Abhimanyu Murder Case, Maharaja’s College Kochi, Ernakulam Sessions Court, Campus Front PFI, SFI Abhimanyu, Kerala Crime News, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




