തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് മണ്ണന്തല രഞ്ജിത്ത് വധക്കേസില്‍ 18 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നിര്‍ണ്ണായക വിധി. ആര്‍എസ്എസ് മണ്ണന്തല മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് രഞ്ജിത്തിനെ കടയ്ക്കുള്ളില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.
|
പ്രധാന വിവരങ്ങൾ (Key Highlights)
- 11 പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി ഇന്ന്: 2008-ൽ ആർഎസ്എസ് മണ്ണന്തല മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖ് രഞ്ജിത്തിനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി; ശിക്ഷാവിധി ഇന്ന് (നവംബർ 18) പ്രഖ്യാപിക്കും.
- കടയിൽ ഇരച്ചുകയറി 47 വെട്ടുകൾ: 2008 ഒക്ടോബർ 17-ന് പുലർച്ചെ 5.50-ന് കോട്ടമുകളിലെ കടയിൽ ജോലിയിലായിരുന്ന രഞ്ജിത്തിനെ എട്ടംഗ സംഘം വെട്ടുകത്തിയും കൊടുവാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു; ശരീരത്തിൽ 47 മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി.
- നിർണ്ണായകമായത് ഒന്നാം പ്രതിയുടെ കയ്യിലെ മുറിവും സാക്ഷിമൊഴികളും: ആക്രമണത്തിനിടെ കൂട്ടുപ്രതിയുടെ വെട്ടേറ്റ് ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാറിന്റെ കയ്യിലുണ്ടായ മുറിവും, നാഗർകോവിലിലെ ആശുപത്രിയിൽ വ്യാജപ്പേരിൽ ചികിത്സ തേടിയതും, ഓട്ടോ ഡ്രൈവറുടെയും പാൽ വാങ്ങാനെത്തിയയാളുടെയും മൊഴികളും പ്രോസിക്യൂഷന് നിർണ്ണായകമായി.
- വഞ്ചിയൂർ കോടതി പരിസരത്ത് സംഘർഷാവസ്ഥ: ഇന്നലെ വിധി പ്രസ്താവത്തിന് പിന്നാലെ കോടതിക്ക് പുറത്ത് സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു; ഇന്നത്തെ ശിക്ഷാവിധിയുടെ പശ്ചാത്തലത്തിൽ കോടതി വളപ്പിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
പ്രതികള്‍ക്കുള്ള ശിക്ഷാവിധി ഇന്ന് (നവംബര്‍ 18, ബുധന്‍) കോടതി പ്രഖ്യാപിക്കും. കേസില്‍ ആകെ 12 പ്രതികളാണ് ഉണ്ടായിരുന്നത്. രണ്ടാം പ്രതിയായ വെള്ളി നാരായണന് (നാരായണന്‍കുട്ടി) ഒളിവില്‍ തുടരുന്നതിനാല്‍ വിചാരണ നേരിട്ടിരുന്നില്ല. സിപിഎം പ്രവര്‍ത്തകരും നേതാക്കളുമാണ് പ്രതിപ്പട്ടികയിലുള്ളത്.
കടയിലേക്ക് ഇരച്ചുകയറി 47 വെട്ടുകള്‍; ഗൂഢാലോചന ശംഖുമുഖത്തെ വീട്ടില്‍
2008 ഒക്ടോബര്‍ 17-ന് പുലര്‍ച്ചെ 5.50-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. നാലാഞ്ചിറ കോട്ടമുകളിലെ ‘വിനായക ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍സ്’ എന്ന കടയില്‍ പതിവുപോലെ ജോലിയിലായിരുന്ന രഞ്ജിത്തിനെ ലക്ഷ്യമിട്ട് രണ്ടു കാറുകളിലും ബൈക്കിലുമായി എട്ടംഗ സംഘം എത്തുകയായിരുന്നു.
കടയ്ക്ക് മുന്നിലെത്തിയ സംഘം നാലുപേരെ അകത്തേക്കയച്ചു. വെട്ടുകത്തിയും കൊടുവാളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രഞ്ജിത്തിന്റെ ശരീരത്തിലുണ്ടായത് 47 മുറിവുകളാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
2008 ഏപ്രില്‍ ഒന്നിന് തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെച്ച് സിപിഎം നേതാവ് വഞ്ചിയൂര്‍ വിഷ്ണു കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതിയായിരുന്നു രഞ്ജിത്ത്. വിഷ്ണുവിന്റെ ഉറ്റസുഹൃത്തായ ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാറും സംഘവും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ രഞ്ജിത്തിനെ വകവരുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്.
ശംഖുമുഖത്തെ വാടകവീട്ടിലാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നും, കൃത്യത്തിന് തലേദിവസം സ്ഥലവും പരിസരവും നിരീക്ഷിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
നിര്‍ണ്ണായകമായത് ഒന്നാം പ്രതിയുടെ മുറിവ്
ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാറിന്റെ കയ്യിലുണ്ടായ മുറിവാണ് കേസില്‍ പ്രോസിക്യൂഷന് ഏറ്റവും വലിയ വഴിത്തിരിവായത്. ആക്രമണത്തിനിടെ കൂട്ടുപ്രതിയുടെ വെട്ടേറ്റാണ് ഇയാളുടെ കയ്യില്‍ മുറിവുണ്ടായത്. തുടര്‍ന്ന് പൊലീസിനെ വെട്ടിച്ച് നാഗര്‍കോവിലിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജപ്പേരില്‍ ചികിത്സ തേടിയതും ശാസ്ത്രീയ തെളിവായി മാറി.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ചു പേരാണെന്നും, മറ്റുള്ളവര്‍ ഗൂഢാലോചനയിലും സഹായം നല്‍കുന്നതിലും പങ്കാളികളായെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ നാലാം പ്രതിയായ വി. അജികുമാര്‍ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ഫസ്റ്റ് ഗ്രേഡ് അസിസ്റ്റന്റും ശിശുക്ഷേമസമിതി എംപ്ലോയീസ് യൂണിയന് (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.
കൃഷ്ണകുമാര്‍, ഹരിപ്രസാദ്, അജികുമാര്‍, രഞ്ജിത്ത് കുമാര്‍, സുരേഷ്, ഫിറോസ് ഖാന്, വിഷ്ണു വിനോദ്, ശങ്കര്‍ സുബ്രഹ്മണ്യന്, ഗോഡ്വിന്, ഗോപാലന്, സുരേഷ് എന്നിവരെയാണ് കോടതി കുറ്റക്കാരായി വിധിച്ചത്.
ഭീഷണികളെയും കൂറുമാറ്റത്തെയും അതിജീവിച്ച വിചാരണ
വിചാരണയ്ക്കിടെ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും വ്യാപകമായ ശ്രമങ്ങളുണ്ടായിരുന്നു. ചില സാക്ഷികളും ഒരു നിര്‍ണ്ണായക പൊലീസ് ഉദ്യോഗസ്ഥനും വിചാരണയ്ക്കിടെ കൂറുമാറി. തുടര്‍ന്ന് സാക്ഷികളുടെ പരാതിയില്‍ ഹൈക്കോടതി പ്രത്യേക പൊലീസ് സംരക്ഷണം ഉറപ്പാക്കിയിരുന്നു.
കൂറുമാറ്റങ്ങള്ക്കിടയിലും സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവറുടെയും പാല് വാങ്ങാനെത്തിയ ആളുടെയും കൃത്യമായ മൊഴികള്‍ പ്രോസിക്യൂഷന് കരുത്തായി.
രഞ്ജിത്തിന്റെ മാതാവ് മോളി രാജന്റെ ഇടപെടലിനെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കായംകുളം സ്വദേശി അഡ്വ. പ്രതാപ് ജി. പടിക്കലിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. 41 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന് 155 രേഖകളും 75 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍, മഹേശ്വര് പടിക്കല്‍, നീരജ ഷാജി എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി. അന്നത്തെ പേരൂര്‍ക്കട സിഐ കെ.ഇ. ബൈജുവാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
വഞ്ചിയൂര്‍ കോടതി പരിസരത്ത് സംഘര്‍ഷം; വന്‍ പൊലീസ് വിന്യാസം
ഇന്നലെ കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പ്രതികളെ പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ വഞ്ചിയൂര്‍ കോടതി വളപ്പില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. 15 മിനിറ്റിലേറെ വഞ്ചിയൂര്‍ ജംഗ്ഷനില്‍ ഗതാഗതം സ്തംഭിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റിനിര്‍ത്തുകയും, പൊലീസുമായി തര്‍ക്കിച്ച ഒരു സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നത്തെ ശിക്ഷാവിധിയുടെ പശ്ചാത്തലത്തില്‍ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Tags: Mannanthala Ranjith Murder Case, Thiruvananthapuram Court Verdict, RSS Worker Murder Kerala, Ambalamukku Krishnakumar, Prathap G Padickal, Vanchiyoor Court Clash, Kerala Crime News, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





