03
Dec 2025
Sun
03 Dec 2025 Sun
Pinarayi vijayan VD satheeshan

തദ്ദേശ തെരഞ്ഞെടുപ്പിലെ അവിശ്വസനീയ മുന്നേറ്റത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിലേക്ക് കടന്ന് യുഡിഎഫ്. സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ഈ തരംഗം നിലനിര്‍ത്താന്‍ സര്‍ക്കാരിനെതിരായ സമര പരമ്പരകള്‍ തന്നെ തീര്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായ വിധിയെഴുത്തിലേക്ക് ജനങ്ങളെ എത്തിച്ചു എന്ന് യുഡിഎഫ് വിലയിരുത്തുന്നു. ശബരിമല സ്വര്‍ണപ്പാളി അടക്കമുള്ള വിവാദങ്ങള്‍ സര്‍ക്കാരിന് എതിരെ ജനവികാരം സൃഷ്ടിച്ചുവെന്നും യുഡിഎഫ് കരുതുന്നു. ഇപ്പോഴും യുഡിഎഫിനോട് അകന്നു നില്‍ക്കുന്ന ജനവിഭാഗങ്ങളെ കൂടി ഒപ്പം ചേര്‍ക്കാനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവും.

ALSO READ: എകെജി സെന്ററില്‍ യുഡിഎഫ്; ഇന്ദിരാഭവനില്‍ സിപിഎം, മാരാര്‍ജി ഭവന്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടെന്ന് സന്ദേശം കൂടുതലായി നല്‍കുന്ന നീക്കങ്ങള്‍ കോണ്‍ഗ്രസ് ഭാഗത്തുനിന്നും ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാന്‍ മുന്നണി വിപുലീകരണമടക്കം പരിഗണനയിലുണ്ട്. അത്തരം നീക്കങ്ങളും വരും ദിവസങ്ങളില്‍ സജീവമാക്കും.

അതേസമയം, തദ്ദേശത്തില്‍ ഇത്രയും വലിയ തിരിച്ചടി എല്‍ഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്ന് പുറമേക്ക് സമ്മതിക്കുന്നില്ലെങ്കിലും തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്ന് സിപിഎമ്മിനുള്ളില്‍ ശക്തമായ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവം അവസാനിപ്പിക്കണമെന്ന് സിപിഐ ആവശ്യപ്പെടുന്നു.

ഇക്കാര്യങ്ങളില്‍ ചര്‍ച്ചകളും തിരുത്തലുകളും ആവശ്യമാണെന്ന് എല്‍ഡിഎഫില്‍ പൊതു അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അതോടൊപ്പം കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളിലൂടെ സാധാരണ ജനങ്ങളെ ആകര്‍ഷിക്കണമെന്ന അഭിപ്രായവും ശക്തമാണ്.