23
Sep 2024
Mon
23 Sep 2024 Mon

ലിസ്ബൺ: UEFA Nations League ൽ സ്കോട്‌ലൻഡുമായുള്ള മൽസരം സമനിലയിലേക്ക് പോകുന്നതിനിടെ നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ അവതരിച്ചു. അവസന നിമിഷം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോളിൽ പോർച്ചുഗൽ വിജയിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ സ്‌കോട്ട്‌ലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പറങ്കിപട തോൽപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴാം മിനിറ്റിൽ മക് ടോമിനിയിലൂടെ സ്‌കോട്ടലാൻഡാണ് മുന്നിട്ടു നിന്നത്. ആദ്യ പകുതിയിൽ മറുപടി ഗോൾനേടാൻ പോർച്ചുഗലിനായില്ല. എന്നാൽ 54ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ പറങ്കികൾ തിരിച്ചടിച്ചു. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് നായകൻ്റെ അവതാര പിറവി. 88ാം മിനിറ്റിൽ ന്യൂനോ മെൻഡിസിന്റെ അസിസ്റ്റിൽ റൊണാൾഡോ വലകുലുക്കി.

ക്രൊയേഷ്യക്ക് എതിരായ കഴിഞ്ഞ മത്സരത്തിൽ കരിയറിലെ 900മത് ഗോൾനേടിയ 39 കാരനായ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ നാഷൺസ് ലീഗിലെ രണ്ടാം ഗോൾ ആണിത്.

മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യൻമാരായ സ്‌പെയിൻ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വിറ്റ്‌സർലാൻഡിനെ പരാജയപ്പെടുത്തി.

20ാം മിനിറ്റിൽ പ്രതിരോധ താരം റോബിൻ ലെ നോർമെൻഡ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് സ്‌പെയിൻ ജയം സ്വന്തമാക്കിയത്.

മറ്റു മത്സരങ്ങളിൽ ക്രൊയേഷ്യ എതിരില്ലാത്ത ഒരുഗോളിന് പോളണ്ടിനെ തകർത്തു. 52ാം മിനിറ്റിൽ ക്യാപ്റ്റൻ ലൂക്ക മോഡ്രിചാണ് വിജയ ഗോൾ നേടിയത്.

UEFA Nations League: Ronaldo scores as Portugal beats Scotland