03
Mar 2026
Tue
03 Mar 2026 Tue
us embassy in iraq struck

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കന്‍ എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ എംബസി കെട്ടിടത്തിന് തീപ്പിടിച്ചു. എന്നാല്‍ തീ പടരുന്നത് നിയന്ത്രിക്കാനായെന്നും കെട്ടിടത്തിന് ചെറിയ തോതിലുള്ള നാശനഷ്ടങ്ങള്‍ മാത്രമാണ് സംഭവിച്ചതെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംബസിക്ക് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തില്‍, സൗദി അറേബ്യയിലെ വിവിധ നഗരങ്ങളില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്കന്‍ അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരാനും (Shelter-in-place) എംബസി പരിസരത്തേക്ക് വരുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

റിയാദ്, ജിദ്ദ, ദഹ്റാന്‍ എന്നീ നഗരങ്ങളിലുള്ളവര്‍ക്കാണ് ‘ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ്’ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ മേഖലയിലെ സൈനിക താവളങ്ങളിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും യുഎസ് മിഷന്‍ അറിയിച്ചു.

എംബസിയുടെ അറിയിപ്പ്

‘അമേരിക്കന്‍ പൗരന്മാര്‍ ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ എംബസി പരിസരത്ത് നിന്ന് വിട്ടുനില്‍ക്കണമെന്നും ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു,’ എന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

ദുബായിലും കുവൈറ്റിലും ആക്രമണം

ദുബായിലും കുവൈറ്റിലുമുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശപ്പെട്ടു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ‘സങ്കീര്‍ണ്ണമായ ആക്രമണമാണ്’ (Complex Attack) ഇതെന്ന് ഇറാന്‍ വ്യക്തമാക്കി.

ദുബായിലെ ആക്രമണം

ദുബായിലെ അമേരിക്കന്‍ നാവിക-വ്യോമ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് മിസൈലുകള്‍ തൊടുത്തതെന്ന് ഐആര്‍ജിസി അറിയിച്ചു. യുഎഇയിലെ അല്‍ മിന്‍ഹാദ് (അഹ ങശിവമറ) എയര്‍ ബേസിനും ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

കുവൈറ്റിലെ ആരിഫ്ജാന്‍ ബേസ്

കുവൈറ്റിലെ അമേരിക്കന്‍ സൈനിക കേന്ദ്രമായ ക്യാമ്പ് ആരിഫ്ജാനിലേക്ക് പത്തോളം ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തി. ഡ്രോണുകള്‍ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇത് ആക്രമണത്തിന്റെ പുതിയ തരംഗമാണെന്നും ഇറാന്‍ അവകാശപ്പെട്ടു.

ഈ ആക്രമണങ്ങളെക്കുറിച്ച് അമേരിക്കയോ കുവൈറ്റ് അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും കുവൈറ്റിലെ തങ്ങളുടെ സൈനികര്‍ക്കും പൗരന്മാര്‍ക്കും യുഎസ് എംബസി അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ട യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായാണ് ഇറാന്‍ ഈ പ്രത്യാക്രമണങ്ങള്‍ തുടരുന്നത്. മേഖലയിലെ എട്ടോളം രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന അമേരിക്കന്‍ താവളങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.