13
Aug 2026
Thu
13 Aug 2026 Thu
A sailor's wife said that her husband stopped a fellow crew member from jumping overboard

സാന്‍ ഡിയാഗോ: അമേരിക്കന്‍ യുദ്ധക്കപ്പലായ ‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ (USS Abraham Lincoln) നാവികരും സൈനികരും ആത്മഹത്യയുടെ വക്കിലെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മാസങ്ങളോളം നീളുന്ന കടല്‍ ദൗത്യവും ദൗത്യകാലയളവ് നിരന്തരം നീട്ടുന്നതും വിമാനവാഹിനിക്കപ്പലിലെ മോശം ജീവിതസാഹചര്യങ്ങളുമാണ് കപ്പലിലെ ജീവനക്കാരെ കടുത്ത മാനസികസമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്. ചില നാവികര്‍ കപ്പലില്‍ നിന്ന് കടലിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതായി മാധ്യമമായ ‘മിലിട്ടറി ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഒമ്പത് മാസമായി കടലില്‍ കഴിയുന്ന കപ്പല്‍, തീരമണിയാതെ തുടര്‍ച്ചയായി 250 ദിവസങ്ങളാണ് പൂര്‍ത്തിയാക്കിയത്. കപ്പലിലുള്ള അയ്യായിരത്തോളം വരുന്ന നാവികര്‍ക്കും മറീനുകള്‍ക്കും ഈ നീണ്ട ദൗത്യം താങ്ങാനാവാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

സാന്‍ ഡിയാഗോയില്‍ കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന വൈകാരികമായ ടൗണ്‍ ഹാള്‍ യോഗത്തില്‍ ഇരുനൂറോളം വരുന്ന നാവികരുടെ കുടുംബാംഗങ്ങള്‍ മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥരോട് കടുത്ത അമര്‍ഷവും പ്രതിഷേധവും അറിയിച്ചു. ‘നാളത്തെ പുലരി കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഭര്‍ത്താവ് തനിക്ക് സന്ദേശമയച്ചു’ എന്ന് ഒരു നാവികന്റെ ഭാര്യ ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോയോട് കരഞ്ഞുകൊണ്ട് പറഞ്ഞു. സൈനിക നേതൃത്വവും തങ്ങളും തമ്മിലുള്ള വിശ്വാസം പൂര്‍ണ്ണമായും തകര്‍ന്നതായി മറ്റ് കുടുംബാംഗങ്ങളും കുറ്റപ്പെടുത്തി.

‘മനസ്സ് തകര്‍ന്ന് ജീവനക്കാര്‍’

ഇറാന്‍ ദൗത്യകാലയളവ് വീണ്ടും നീട്ടിയതോടെ തന്റെ ഭര്‍ത്താവ് കപ്പലില്‍ നിന്ന് കടലിലേക്ക് ചാടാന്‍ ശ്രമിച്ചതായി അന്നബെല്ലെ ലോമ എന്ന യുവതി വെളിപ്പെടുത്തി. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ ഇയാള്‍ക്ക് തന്റെ 13 വര്‍ഷത്തെ സേവന ചരിത്രത്തെയും ഭാവി കരിയറിനെയും കുറിച്ച് വന്‍ ആശങ്കയാണുള്ളത്. മറ്റൊരു സംഭവത്തില്‍, കപ്പലില്‍ നിന്ന് ചാടാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനെ തന്റെ ഭര്‍ത്താവ് ബലമായി പിടിച്ചുമാറ്റി രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് മറ്റൊരു നാവികന്റെ ഭാര്യയും വെളിപ്പെടുത്തി.

ALSO READ: കുടുംബത്തെ കൊലപ്പെടുത്താന്‍ ചാറ്റ് ജി.പി.ടിയില്‍ തിരച്ചില്‍; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ 17-കാരന്‍ പിടിയില്‍

250 ദിവസമായി കരതൊടാതെ

കഴിഞ്ഞ നവംബര്‍ 21-നാണ് യു.എസ്.എസ് അബ്രഹാം ലിങ്കണ്‍ സാന്‍ ഡിയാഗോയില്‍ നിന്ന് പസഫിക് മേഖല ലക്ഷ്യമാക്കി പുറപ്പെട്ടത്. എന്നാല്‍ അമേരിക്ക-ഇസ്രായേല്‍ തുടക്കം കുറിച്ച ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പലിനെ പശ്ചിമേഷ്യന്‍ മേഖലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇതിനുശേഷം ഡിസംബറില്‍ ഗുവാമിലും ജൂലൈയില്‍ ഒമാനിലും ലഭിച്ച ഓരോ ദിവസത്തെ ഒഴിവൊഴിച്ചാല്‍ നാവികര്‍ക്ക് കരയിലിറങ്ങാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മെയ് മാസത്തില്‍ അവസാനിക്കേണ്ട ദൗത്യമാണ് യുദ്ധം നീളുന്നതിനനുസരിച്ച് പലതവണയായി നീട്ടിയത്. നിലവില്‍ ഇറാനെതിരെയുള്ള പോരാട്ടത്തില്‍ അഞ്ചാം മാസമാണ് കപ്പല്‍ പങ്കാളിയാകുന്നത്.

‘പൂപ്പല്‍ പിടിച്ച ബാത്ത്‌റൂമുകളും കേടായ ശുചിമുറികളും’

മാനസിക അപചയത്തിന് പുറമെ കപ്പലിലെ പ്രാഥമിക ജീവല്‍സാഹചര്യങ്ങളും അതീവ ദയനീയമാണെന്ന് കലിഫോര്‍ണിയയില്‍ നിന്നുള്ള ജനപ്രതിനിധി മൈക്ക് ലെവിന്‍ വ്യക്തമാക്കി. ‘പൂപ്പല്‍ പിടിച്ച ഷവറുകള്‍, പ്രവര്‍ത്തിക്കാത്ത ശുചിമുറികള്‍, ആഴ്ചകളായി കെട്ടിക്കിടക്കുന്ന അലക്കു യന്ത്രങ്ങള്‍, ചൂടുവെള്ളത്തിന്റെ അഭാവം, അരക്കപ്പ് ചോറും രണ്ട് ടോര്‍ടില്ലയും (റൊട്ടി) മാത്രം അടങ്ങുന്ന ഭക്ഷണം. സോപ്പോ പേസ്റ്റോ പോലുമില്ലാത്ത അവസ്ഥ,’ എക്‌സ് (X) പ്ലാറ്റ്ഫോമില്‍ ലെവിന്‍ കുറിച്ചു.

ഏപ്രില്‍ മാസത്തില്‍ തന്നെ കപ്പലിലെ മോശം ഭക്ഷണത്തിന്റെ ചിത്രങ്ങളും കുടിവെള്ള ക്ഷാമത്തിന്റെ വാര്‍ത്തകളും പുറത്തുവന്നിരുന്നു. അന്ന് ഇത് ‘വ്യാജ വാര്‍ത്ത’ എന്ന് പറഞ്ഞ് ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് തള്ളിക്കളഞ്ഞിരുന്നെങ്കിലും, സ്വന്തം സൈനികര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സൈനിക നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ആരോപിച്ചു ലെവിന്‍ രംഗത്തെത്തുകയായിരുന്നു.

Tags: USS Abraham Lincoln, US Navy, US Iran War, Aircraft Carrier Crisis, US Military Suicide Attempts, World News Malayalam, Latest US News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക