03
Jul 2025
Sun
03 Jul 2025 Sun
'Varnapakittu'; Special art festival for transgenders on August 21, 22 and 23

തിരുവനന്തപുരം: ‘വര്‍ണപ്പകിട്ട്’; എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ക്കായി പ്രത്യേക കലോത്സവം സംഘടിപ്പിക്കുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ ‘വര്‍ണ്ണപകിട്ട്’ എന്ന പേരില്‍ കലാമേള സംഘടിപ്പിക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 21, 22, 23 തിയതികളിലായി കോഴിക്കോട്ട് ആണ് പരിപാടി നടക്കുന്നത്. കലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം സാമൂഹികനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ശാക്തീകരിക്കാനുമായി മികച്ച പ്രവര്‍ത്തനങ്ങളാണ് സാമൂഹികനീതി വകുപ്പ് നടത്തുന്നതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ നയങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായാണ് കലോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്റ്റേജ് പരിപാടികള്‍ക്ക് പുറമെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ പറയുന്ന സിനിമകള്‍ ഉള്‍പ്പെടുത്തി ഫിലിം ഫെസ്റ്റിവലും ദേശീയ സെമിനാര്‍ കോണ്‍ക്ലേവും കലോത്സവത്തിന്റെ ആദ്യ ദിനത്തില്‍ നടക്കും. 21 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് ട്രോഫിയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നയാള്‍ക്ക് പ്രതിഭ പുരസ്‌കാരവും നല്‍കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ് വ്യക്തികളെ കലോത്സവത്തില്‍ അനുമോദിക്കും.


കലോത്സവത്തിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ മാന്വല്‍ മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്യും. കലോത്സവത്തിന് മുന്നോടിയായി ഘോഷയാത്രയും ഫ്‌ലാഷ്‌മോബും സംഘടിപ്പിക്കും.

സംഘാടക സമിതി രക്ഷാധികാരികളായി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവരെയും ചെയര്‍പേഴ്‌സണായി മന്ത്രി ആര്‍ ബിന്ദുവിനെയും തെരഞ്ഞെടുത്തു. എം കെ രാഘവന്‍ എം പി, മേയര്‍ ബീനാ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോഴിക്കോട് നോര്‍ത്ത് സൗത്ത് എംഎല്‍എമാര്‍ എന്നിവരാണ് വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍. സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും ഉള്‍പ്പെടുന്നതാണ് സംഘാടക സമിതി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പ്പുറം, സമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍, സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗങ്ങളായ നേഹ, ശ്യാമ, തുടങ്ങിയവര്‍ പങ്കെടുത്തു.

‘Varnapakittu’; Special art festival for transgenders on August 21, 22 and 23