മുംബൈ: വില്പനയ്ക്ക് വെച്ചിരുന്ന പഴങ്ങളില്‍ എലിവിഷം പുരട്ടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മുംബൈ മലാഡ് വെസ്റ്റില്‍ രണ്ട് പഴക്കച്ചവടക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശവാസി നല്കിയ പരാതിയുടെയും വീഡിയോ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് മലാഡ് പോലീസ് നടപടിയെടുത്തത്.
|
മനോജ് സംഗംലാല്‍ കേസര്‍വാണി (42), രാഹുല്‍ സദന്‍ലാല്‍ കേസര്‍വാണി (25) എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍. ഇവര്‍ മലാഡ് വെസ്റ്റിലെ രാജന്‍പാഡ സ്വദേശികളാണ്. ഇവരുടെ തട്ടില്‍ നിന്ന് മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ ‘റാറ്റോള്‍’ (Ratol) എന്ന എലിവിഷം പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ഈ പഴക്കട പോലീസ് സീല്‍ ചെയ്തു.
എലി ശല്യം ഒഴിവാക്കാനെന്ന് മൊഴി
രാത്രികാലങ്ങളില്‍ എലികള്‍ പഴങ്ങള്‍ നശിപ്പിക്കുന്നത് തടയാനാണ് വിഷം പുരട്ടിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍, ഭക്ഷണസാധനങ്ങളില്‍ മാരകമായ വിഷാംശമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത് ഉള്ളില്‍ ചെന്നാല്‍ ഛര്‍ദ്ദി, വയറുവേദന, ആന്തരികാവയവങ്ങളുടെ തകരാര്‍ എന്നിവയ്ക്കും മരണം വരെ സംഭവിക്കാനും കാരണമായേക്കാം.
നേന്ത്രപ്പഴത്തില്‍ ക്രീം രൂപത്തിലുള്ള വിഷം പുരട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉണ്ടായത്. വഴിയോര ഭക്ഷണങ്ങളുടെ ശുചിത്വത്തെക്കുറിച്ച് ആശങ്കയുള്ള പ്രദേശവാസികള്‍, ഇത്തരം സംഭവങ്ങള്‍ തടയാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (FDA) ബിഎംസിയും (BMC) കര്‍ശന പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു.
പ്രതികളെ ബോറിവലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.





