18
Dec 2024
Tue
18 Dec 2024 Tue
Viral video of Kerala madrasa teacher taking class

കോഴിക്കോട്: മദ്രസയില്‍ ജീവിതലക്ഷ്യത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ അധ്യാപകന്റെ ചോദ്യത്തിന് വിദ്യാര്‍ഥി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മദ്രസയിലെ കുട്ടികള്‍ക്ക് ജീവിതലക്ഷ്യത്തെക്കുറിച്ച് ക്ലാസ് എടുക്കുകയാണ് ഉസ്താദ്. ബോര്‍ഡില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ പശ്ചാത്തലം ചിത്രീകരിച്ച് ഗോള്‍ പോസ്റ്റും വരച്ചാണ് ഉസ്താദ് ജീവിതലക്ഷ്യം വിവരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌റ്റേഡിയത്തിലെ രണ്ട് വശത്തും ഗോള്‍പോസ്റ്റ് വരച്ച് ഓരോ ടീമിന്റെയും ലക്ഷ്യം ആ ഗോള്‍പോസ്റ്റില്‍ പന്ത് എത്തികലാണെന്ന് ഉസ്താദ് കുട്ടികള്‍ക്ക് വിവരിച്ചു കൊടുക്കുകയാണ്. രണ്ടുഭാഗത്തെയും ടീമിലെ കളിക്കാരുടെ ലക്ഷ്യം എതിര്‍ ഗോള്‍പോസ്റ്റില്‍ ഗോളടിക്കലാണെന്ന് ഈ സമയം കുട്ടികളെക്കൊണ്ട് ഉസ്താദ് സമ്മതിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷം രണ്ട് പോസ്റ്റുകളും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ ശേഷം ഇനി പോസ്റ്റില്ലെന്ന് കരുതുക എന്ന് ഉസ്താദ് പറഞ്ഞപ്പോഴാണ് ചിരിപടര്‍ത്തിയ രംഗം ഉണ്ടായത്.

ഗ്രൗണ്ടില്‍ പോസ്റ്റില്ലെങ്കില്‍ കളിക്കാര്‍ക്ക് ഒരു ലക്ഷ്യം ഉണ്ടാകില്ലെന്നും അതിനാല്‍ നിങ്ങള്‍ക്കും ഒരു ലക്ഷ്യം ഉണ്ടാകണമെന്നും വിശദീകരിക്കാനായിരുന്നു ഉസ്താദ് ബോര്‍ഡില്‍നിന്ന് ഗോള്‍ പോസ്റ്റുകള്‍ മായ്ച്ച് കളഞ്ഞത്. എന്നാല്‍, ഇത് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാനായി, ഇനി പോസ്റ്റ് ഇല്ലെങ്കിലോ എന്ന് ഉസ്താദ് ചോദിച്ചപ്പോള്‍, ‘അപ്പോള്‍ ചെരുപ്പ് വെക്കാം’ എന്നാണ് കുട്ടികളിലൊരാളുടെ തഗ്ഗ് മറുപടി.

സാധാരണ കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കുമ്പോള്‍ പോസ്റ്റുകള്‍ക്ക് പകരം ചെരുപ്പും കല്ലുകളും വയ്ക്കുന്നത് പതിവാണ്. ഈ ഓര്‍മയിലാണ് ഉസ്താദിന് കുട്ടിയുടെ നിഷ്‌കളങ്കമായ തഗ്ഗ് മറുപടി.

എന്തായാലും ഉസ്താദിന്റെ ക്ലാസ്സും കുട്ടിയുടെ തഗ്ഗും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ഇത് ഷെയര്‍ചെയ്യുന്നത്.

Viral video of Kerala madrasa teacher taking class