മുംബൈ: ഇൻസ്റ്റഗ്രാമിൽ കൂടുതൽ ഫോളേവേഴ്‌സ് ഉള്ള ലയണൽ മെസ്സിക്കും ക്രിസ്റ്റിയാനോ റൊണാൾഡോക്കും ഒപ്പം ഇന്ത്യയുടെ വിരാട് കോലിയും. 25 കോടി ഫോളോവേഴ്‌സുള്ള മൂന്നാമത്തെ കായിക താരമായാണ് ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാർ ബാറ്റർ വിരാട് കോലി മാറിയത്. നിലവിൽ ഫുട്ബാൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും മാത്രമാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ 25 കോടിയിലധികം ഫോളോവേഴ്‌സുള്ളത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് കോലി.
|
അതേസമയം, മൊത്തത്തിൽ ഇൻസ്റ്റയിൽ കൂടുതൽ ഫോളോവേഴ്‌സ് ഉള്ളവരിൽ 16 ആണ് കോലിയുടെ സ്ഥാനം. ഒന്നാം സ്ഥാനം ഇൻസ്റ്റയുടെ തന്നെ ഔദ്യോഗിക അക്കൗണ്ടാണ്. 64 കോടിയാണ് കമ്പനിയുടെ ഫോളോവേഴ്‌സ്. തൊട്ടുപിന്നിൽ 59 കോടിയുള്ള ക്രിസ്റ്റിയാനോയും. മെസ്സിക്ക് 47 കോടി ഫോളോവേഴ്‌സുണ്ട്.
യു.എസ് നടിയും ഗോയികയുമായ സെലീന ഗോമസ്(42 കോടി) ആണ് നാലാംസ്ഥാനത്ത്. കായികതാരങ്ങളിൽ നാലാംസ്ഥാനമുള്ളത് പി.എസ്.ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ആണ്. 21 കോടി ഫോളോവേഴ്‌സ് ആണ് നെയ്മറിനുള്ളത്. 14 കോടി ഫോളോവേഴ്‌സ് ഉള്ള റയൽ മഡ്രിഡ് ആണ് ക്ലബ്ബുകളിൽ മുന്നിൽ.





