കോതമംഗലം: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സ്‌നേഹവീടുകള്‍ നിര്‍മിക്കാന്‍ പണം സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ നടത്തിയ ‘പോര്‍ക്ക് ചലഞ്ച്’ വന്‍ വിജയം. (Wayanad Landslide: DYFI Pork Challenge a huge success) ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ 517 കിലോ ഇറച്ചി വിറ്റു. കിലോക്ക് 375 രൂപ നിരക്കിലായിരുന്നു വില്‍പന.
|
ചേലാട് മിനിപ്പടിയില്‍ നടന്ന പോര്‍ക്ക് ചലഞ്ചിലെ ആദ്യവില്‍പന ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് അനീഷ് എം. മാത്യു, കെ.പി. ജയകുമാര്‍, ജിയോ പയസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഞായറാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നടത്തിയ പരിപാടിയില്‍നിന്ന് ലഭിച്ച തുക സ്‌നേഹവീടുകള്‍ക്കായി കൈമാറും. വയനാടിന് കരുത്ത് പകരാന്‍ നിരവധി ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് പന്നിമാംസം കൂടുതലായി ഉപയോഗിക്കുന്ന പ്രദേശത്ത് ഇത്തരത്തിലൊരു ചലഞ്ച് സംഘടിപ്പിച്ചതെന്നും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എല്‍ദോസ് പോള്‍ പറഞ്ഞു.
കേരള പ്രവാസി സംഘം കോതമംഗലം ഏരിയ സെക്രട്ടറിയും സി.പി.എം മിനിപ്പടി ബ്രാഞ്ച് അംഗവുമായ എ.വി സന്തോഷ് സ്‌നേഹവീടുകളുടെ നിര്‍മാണത്തിന് തന്റെ പറമ്പിലെ രണ്ട് മഹാഗണി വൃക്ഷങ്ങള്‍ ഡി.വൈ.എഫ്.ഐക്ക് കൈമാറി. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ ജോ. സെക്രട്ടറി ആര്‍. അനില്‍ കുമാര്‍ ഏറ്റുവാങ്ങി.
പായസ ചലഞ്ച്, സ്‌ക്രാപ്പ് ചലഞ്ച് എന്നിവയിലൂടെയും മീന്‍ വില്‍പന നടത്തിയും ചായക്കട നടത്തിയും ലക്ഷക്കണക്കിന് രൂപ ഡി.വൈ.എഫ്.ഐ വയനാടിന് വേണ്ടി സമാഹരിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ ബസുകളും ഓട്ടോറിക്ഷകളും തങ്ങളുടെ ദിവസവരുമാനം സ്‌നേഹവീടുകള്‍ക്കായി മാറ്റിവെച്ചതായും ഡിവൈഎഫ്‌ഐ അറിയിച്ചു.





