27
Aug 2024
Thu
27 Aug 2024 Thu
WAYANAD LANDSLIDE; 206 TO BE FOUND

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം സംബന്ധിച്ച പദ്ധതിക്ക് രൂപമായി.  ദുരന്തബാധിതരുടെ പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായിട്ടാകും നടപ്പാക്കുക. (Wayanad Landslides Rehabilitation will be implemented in three phases) നിലവില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ആദ്യ ഘട്ടം. ഇതിനായി ബന്ധുവീടുകളില്‍ പോവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കാനായി വാടക വീടുകളോ മറ്റ് സൗകര്യങ്ങളോ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തി നല്‍കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. മന്ത്രിസഭാ ഉപസമിതിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളുമാകും ഇതിനായി ഉപയോഗപ്പെടുത്തുക. ഈ ഘട്ടത്തില്‍ താത്ക്കാലികമായി പുനരധിവസിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പ്രത്യേക ടീമിനെ നിയോഗിക്കും.

സ്ഥിരം വീടുകളിലേക്ക് മാറുന്നതിനു മുമ്പുള്ള ഇടക്കാല ട്രാന്‍സിറ്റ് ഹോം സംവിധാനമാണ് രണ്ടാമത്തെ ഘട്ടത്തില്‍ നടപ്പാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഫ്രീഫാബ് സാങ്കേതികവിദ്യയിലുള്ള സംവിധാനങ്ങള്‍ ഒരുക്കും. സമ്പൂര്‍ണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗണ്‍ഷിപ്പ് പദ്ധതി മൂന്നാംഘട്ടത്തിലാണ് നടപ്പിലാക്കുക.

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വിദഗ്ധ കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പാക്കും. ഇതിനായി നടപടികള്‍ തുടങ്ങി. നിലവില്‍ 136 കൗണ്‍സിലര്‍മാരുടെ സേവനമാണ് വിവിധ ക്യാമ്പുകളിലായി നല്‍കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ദുരന്തസന്ദര്‍ഭത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ക്യാംപുകളില്‍ കഴിയുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുന്നത് ഒഴിവാക്കണമെന്നും മന്ത്രിസഭാ ഉപസമിതി അഭ്യര്‍ഥിച്ചു.

പ്രാദേശിക ജനപ്രതിനിധികളെയും ദുരന്തത്തിനിരയായവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി വ്യത്യസ്ത ടീമുകള്‍ ദുരിത പ്രദേശങ്ങളെ ആറു മേഖലകളായി തിരിച്ച് നടത്തുന്ന പ്രദേശിക വിവരശേഖരണം അവസാന ഘട്ടത്തിലേക്ക് കടന്നു. ദുരന്തം നടന്ന പ്രദേശങ്ങളില്‍ ദേശീയ മന്ത്രിസഭാ ടീമുകള്‍ പരിശോധന നടത്താന്‍ എത്തും. ഇവര്‍ക്കാവശ്യമായ മുഴുവന്‍ വിവരങ്ങളും കൈമാറിയതായി മന്ത്രി അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിഗതികള്‍ സൂക്ഷ്മമായി പഠിക്കുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജിയോളജി, ഹൈഡ്രോളജി, സോയില്‍ കണ്‍സര്‍വേഷന്‍ പ്രതിനിധികള്‍, ഹസാഡ് അനലിസ്റ്റ് എന്നീ നാലു വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടതായിരിക്കും സമിതി. നിലവില്‍ കാണാതായ138 പേരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.എന്‍.എ പരിശോധനയും രക്തസാമ്പിളിന്റെ ശേഖരണവും പൂര്‍ത്തിയാകുന്നതോടെ കാണാതായവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Wayanad Landslides Rehabilitation will be implemented in three phases