22
Feb 2023
Wed
22 Feb 2023 Wed

കണ്ണൂർ: കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്ന് ഇസ്രയേലിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്ന് മുങ്ങിയ ഇരിട്ടി കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയ്ക്കു ശേഷം ബിജു കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്ലാ ദിവസവും തുടർച്ചയായി തങ്ങൾ ഫോണിൽ വിളിക്കാറുണ്ടെങ്കിലും എടുക്കുന്നില്ല. മെസേജുകൾക്കും മറുപടിയില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജു അവസാനമായി ഓൺലൈനിൽ ഉണ്ടായിരുന്നതെന്നും കുടുംബം പറയുന്നു.

ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്ന് സഹോദരൻ ബെന്നി പറഞ്ഞു. ഇസ്രയേലിൽ പോയാൽ തിരിച്ചു വരില്ലെന്നോ അവിടെത്തുടരാൻ പദ്ധതിയുണ്ടെന്നോ ബിജു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കർഷകനെ കാണാതായതു സംബന്ധിച്ച് പായം കൃഷി ഓഫിസർ കെ.ജെ.രേഖ വകുപ്പിന് പ്രിലിമിനറി റിപ്പോർട്ട് കൈമാറി. ബിജു കുര്യനെ ഇസ്രയേലിലേക്കുള്ള യാത്രയ്ക്കു തിരഞ്ഞെടുത്തത് നടപടിക്രമങ്ങളെല്ലാം പാലിച്ചാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.

അതേസമയം, ബിജു കുര്യന്റെ വീസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് സംസ്ഥാന സർക്കാർ കത്തയച്ചു. വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണ‍മെന്നാണ് ആവശ്യം. മേയ് എട്ടു വരെയാണ് ബിജുവിന്റെ വിസാ കാലാവധി.