കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി അംഗത്വ കാംപയ്‌നോട് മുഖം തിരിച്ച് ജനങ്ങള്‍. (West Bengal BJP membership campaign; Amit Shah’s target not even a quarter achieved) കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ അമിത് ഷാ സംസ്ഥാന ഘടകത്തിന് നിശ്ചയിച്ച ലക്ഷ്യത്തിന്റെ കാല്‍ശതമാനം പോലും പൂര്‍ത്തീകരിക്കാനായിട്ടില്ല. കൂടുതല്‍ ആളെ പിടിക്കാന്‍ ഡിസംബര്‍ 31 വരെ കാംപയിന്‍ നീട്ടിയിരിക്കുകയാണു സംസ്ഥാന ഘടകം.
|
ഒരു കോടി പേരെ പാര്‍ട്ടിയില്‍ അംഗങ്ങളായി ചേര്‍ക്കണമെന്നായിരുന്നു അമിത് ഷാ നല്‍കിയ നിര്‍ദേശം. എന്നാല്‍, കാംപയിന്‍ കാലാവധി അവസാനിക്കുമ്പോള്‍ ആഞ്ഞുപിടിച്ചിട്ടും 24 ലക്ഷം പേരെ മാത്രമാണു ചേര്‍ക്കാനായത്.
ഇതേതുടര്‍ന്നാണ് കാംപയിന്‍ കാലയളവ് നീട്ടുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാര്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ കഴിഞ്ഞാലും ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് കണക്കു കൂട്ടല്‍. വീണ്ടും നീട്ടുമെന്ന് ഇപ്പോഴേ പ്രസിഡന്റ് സൂചന ലന്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ആദ്യത്തില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ ബംഗാളിലെത്തി പാര്‍ട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന ഘടകത്തിന്റെ ചുമതല വഹിക്കുന്ന ബന്‍സാല്‍ അംഗത്വ കാംപയിന്‍ മന്ദഗതിയിലായതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 27നാണ് ‘സദസ്യത അഭിയാന്‍’ എന്ന പേരില്‍ അമിത് ഷാ ബംഗാളില്‍ ബിജെപി അംഗത്വ കാംപയിന്‍ ഉദ്ഘാടനം ചെയ്തത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രവര്‍ത്തിക്കാനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായി അംഗങ്ങളുടെ എണ്ണം ഒരു കോടിയാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭാരവാഹികള്‍ക്കുമെല്ലാം വെവ്വേറെ ടാര്‍ജറ്റുകള്‍ നല്‍കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കുമുന്‍പ് സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ബിജെപി ഓഫീസില്‍ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ കാംപയിന്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കാത്ത എംഎല്‍എമാര്‍ക്കെതിരെ വന്‍ വിമര്‍ശനമുയര്‍ന്നു. പല എംഎല്‍എമാരും യോഗത്തില്‍ തന്നെ പങ്കെടുത്തില്ല. ഹൗറ, ഹൂഗ്ലി, നാദിയ, ജാര്‍ഗ്രാം, നോര്‍ത്ത് 24 പര്‍ഗാനാസ്, സൗത്ത് 24 പര്‍ഗാനാസ് ഉള്‍പ്പെടെയുള്ള ജില്ലകളിലൊന്നും കാംപയിന്‍ ഒരു ചലനവും സൃഷ്ടിച്ചില്ല.
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്, ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള തിരക്കുകളില്‍ പെട്ടതുകൊണ്ടാണ് അംഗത്വ കാംപയിനില്‍ ശ്രദ്ധിക്കാനാകാതിരുന്നതെന്ന് കല്യാണിയിലെ ബിജെപി എംഎല്‍എ അംബിക റോയ് പറഞ്ഞു. ആര്‍ജി കര്‍ അടക്കമുള്ള വിഷയങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് കാംപയിന്‍ മന്ദഗതിയിലായതെന്നാണ് ബിജെപി മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷയും ബിജെപി എംഎല്‍എയുമായ അഗ്‌നിമിത്ര പോളിന്റെ ന്യായീകരണം.
അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ജനസമ്പര്‍ക്ക പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്നിന് പാര്‍ട്ടി സ്ഥാപകദിനത്തിലാണു പരിപാടികള്‍ക്കു തുടക്കമാകുക.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





