പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും രാമക്ഷേത്രത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കാനൊരുങ്ങി ബിജെപി. മുര്‍ഷിദാബാദില്‍ അയോധ്യക്ക് സമാനമായ രാമ ക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികമായ ഡിസംബര്‍ ആറിന് മുര്‍ഷിദാബാദില്‍ ബാബരി മാതൃകയിലുള്ള മസ്ജിദിന് തറക്കല്ലിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവ് സകാരോ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനായി ഭൂമി പൂജ നടത്തിയത്.
|
പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കാന്‍ രാംമന്ദിര്‍ ചാരിറ്റബിള്‍ ട്രംസ്റ്റ് രൂപീകരിച്ചതായി സകാരോ പറഞ്ഞു. മുര്‍ഷിദാബാദിലെ ബെറംപൂരിലാണ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ക്ഷേത്രം നിര്‍മിക്കുക. ആശുപത്രിയും സ്‌കൂളും ഉള്‍ക്കൊള്ളുന്നതാണ് നിര്‍മാണ മാതൃകയെന്നും സകരോ പറഞ്ഞു.
ALSO READ: വേങ്ങരയില്‍ മുഖം മറച്ച് പര്‍ദ്ദ ധരിച്ച ലീഗ് സ്ഥാനാര്‍ഥിയുടെ ചിത്രം; വസ്തുത ഇതാണ്
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ റെജിനഗറില്‍ വന്‍ സുരക്ഷയിലാണ് ബാബരി മാതൃകയിലുള്ള മസ്ജിദിന് തറക്കല്ലിട്ടത്. സസ്‌പെന്‍ഷനിലുള്ള തൃണമൂല്‍ എം.എല്‍.എ ഹുമയൂണ്‍ കബീറിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പണ്ഡിതര്‍ക്കൊപ്പം തൃണമൂല്‍ എം.എല്‍.എ റിബണ്‍ മുറിച്ചു. പൊലീസ്, ദ്രുത കര്‍മസേന, കേന്ദ്ര സേന എന്നിവര്‍ വന്‍ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്. നിരവധി പേര്‍ രാവിലെ മുതല്‍ ശിലയിടല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സ്ഥലത്തെത്തിയിരുന്നു.
ശിലയിടല്‍ ചടങ്ങ് അലങ്കോലമാക്കാന്‍ ഗൂഢാലോചന നടന്നതായി ഹുമയൂണ്‍ കബീര്‍ ആരോപിച്ചു. ആരാധനാലയം പണിയുന്നത് ഭരണഘടനാപരമായ അവകാശമാണ്. ബാബരി മസ്ജിദ് നിര്‍മ്മിക്കും. പദ്ധതിക്ക് യാതൊരു സാമ്പത്തിക തടസ്സങ്ങളും നേരിടേണ്ടിവരില്ല. മസ്ജിദിന് പുറമെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഗസ്റ്റ് ഹൗസ് എന്നിവയും നിര്‍മിക്കുമെന്നും 2026ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ 90 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസാദ്യത്തിലാണ് ബാബരി മോഡല്‍ മസ്ജിദ് ഹുമയൂണ്‍ കബീര്‍ പ്രഖ്യാപിച്ചത്. ഇതോടെ എം.എല്‍.എയെ വെച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്തെ മുസ്‌ലിംകളെ ധ്രുവീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ഇതേതുടര്‍ന്ന് വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി ഹുമയൂണ്‍ കബീറിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം, ടി.എം.സി നടപടിക്ക് പിന്നാലെ, ഡിസംബര്‍ 22ന് ഹുമയൂണ്‍ കബീര്‍ സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ചിച്ചേക്കുമെന്നും വിവരമുണ്ട്.





