26
Sep 2024
Fri
26 Sep 2024 Fri
What to do to add and correct child's name in birth register in Kerala

പേര് ചേര്‍ക്കല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയുടെ ജനന സമയത്ത്, ജനന റിപ്പോര്‍ട്ടില്‍ത്തന്നെ പേര് ഉള്‍പ്പെടുത്തി നല്‍കാം.
എന്നാല്‍ ഇത് നിര്‍ബന്ധമല്ല.
രജിസ്‌ട്രേഷന്‍ തീയതി മുതല്‍ ഒരു വര്‍ഷം വരെ സൗജന്യമായി പേര് ചേര്‍ക്കുന്നതിന് അവസരമുണ്ട് .ഒരു വര്‍ഷം കഴിഞ്ഞാല്‍ അഞ്ച് രൂപ ഫീസ് നല്‍കി ചേര്‍ക്കാം.
14.7.2021 ലെ ചട്ട ഭേദഗതി പ്രകാരം രജിസ്‌ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷം വരെ മാത്രമേ ജനന രജിസ്‌ട്രേഷനില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍
നിലവിലുള്ള ഏതൊരു രജിസ്‌ട്രേഷനിലും ഇതനുസരിച്ച് 13.7.2026 വരെ കുട്ടിയുടെ പേര് ചേര്‍ക്കാം.

സ്‌കൂളില്‍ ചേര്‍ന്നതിന് ശേഷമാണ് പേര് ചേര്‍ക്കുന്നതെങ്കില്‍ സ്‌കൂള്‍ രേഖയിലുളളത് പോലെയാണ് പേര് ചേര്‍ക്കാന്‍ സാധിക്കുക.

ജനന രജിസ്റ്ററിലെയും സ്‌കൂള്‍ രേഖയിലെയും ജനനത്തീയതികള്‍ തമ്മില്‍ 10 മാസത്തിലധികം വ്യത്യാസമുണ്ടെങ്കില്‍ പഞ്ചായത്തുകളുടെ കാര്യത്തില്‍, അതത് ജില്ലയിലെ LSGD ഡെപ്യൂട്ടി ഡയറക്ടറുടെയും , നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുമതി വാങ്ങിയ ശേഷമാണ് രജിസ്‌ട്രേഷന്‍ ഉള്ള തദ്ദേശ സ്ഥാപനത്തില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുക.

1.4.1970 ന് മുന്‍പാണ് രജിസ്‌ട്രേഷന്‍ (ജനനം അല്ല) നടന്നതെങ്കില്‍ തിരുവനന്തപുരത്തുള്ള ജനന മരണ ചീഫ് രജിസ്ട്രാറുടെ അനുമതി വാങ്ങിയതിന് ശേഷം മാത്രം പേര് ചേര്‍ക്കേണ്ടതാണ്. അതിന് രജിസ്‌ട്രേഷന്‍ നടത്തിയ തദ്ദേശ സ്ഥാപനം വഴി അപേക്ഷിക്കണം.

ആദ്യമായി പേര് ചേര്‍ക്കുമ്പോള്‍, ഇനിഷ്യലുകള്‍ ഉണ്ടെങ്കില്‍ അവ Expand ചെയ്ത് ചേര്‍ക്കുന്നതാണ് ഉചിതം.
[ ഉദാ: ശ്രാവണ്‍ .എസ് എസ്, Sravan Sreemangalam Sindhu.]

ജനന മരണ രജിസ്‌ട്രേഷന്‍ ആക്ട് ,വകുപ്പ് 14 ലും ചട്ടം 10 ലും പേര് ചേര്‍ക്കേണ്ടത് Parent or Guardian ആണെന്ന് പരാമര്‍ശിക്കുന്നതിനാല്‍ രക്ഷാകര്‍ത്താവിനോ, മാതാപിതാക്കളില്‍ ഒരാള്‍ക്കോ, പ്രായപൂര്‍ത്തി ആയെങ്കില്‍ കുട്ടിക്കോ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. ഇപ്രകാരം പേര് ചേര്‍ത്തതില്‍ തര്‍ക്കം ഉണ്ടെങ്കില്‍ ആയത് നിയമ നടപടി മുഖേനയാണ് പരിഹരിക്കേണ്ടത് എന്ന് WP(C) 24532/2023 കേസിലെ 5 92023 ലെ വിധിന്യായത്തില്‍ ബഹു. കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകാതെ ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ പേര് ചേര്‍ക്കുന്നതിന് പ്രായ നിബന്ധനയില്ലാതെ കുട്ടിക്ക് തന്നെ അപേക്ഷിക്കാം.

പേര് തിരുത്തല്‍

1.4.1970 ന് മുന്‍പാണ് ജനന രജിസ്‌ട്രേഷന്‍ (ജനനം അല്ല) നടന്നതെങ്കില്‍ ചീഫ് രജിസ്ട്രാറുടെ അനുമതി വാങ്ങിയതിന് ശേഷം മാത്രമാണ് പേര് തിരുത്താവുന്നത്.

ആദ്യം ചേര്‍ത്ത പേര് തിരുത്തുന്നതിന് അല്ലെങ്കില്‍ മറ്റൊന്നാക്കുന്നതിന് നിലവില്‍ 3 അവസരങ്ങളാണുള്ളത്
(A) സ്‌കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പായി പേര് ഒരു തവണ തിരുത്താം.( ചീഫ് രജിസ്ട്രാറുടെ സര്‍ക്കുലര്‍, ഖണ്ഡിക 9.6)
(B) ജനന രജിസ്റ്ററില്‍ ഉള്ളതില്‍ നിന്നും വിഭിന്നമായ പേരാണ് സ്‌കൂള്‍ രേഖയില്‍ ചേര്‍ത്തിട്ടുള്ളതെങ്കില്‍ സ്‌കൂള്‍ രേഖയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ രേഖയിലേതു പോലെ തിരുത്താം  (മേല്‍ സര്‍ക്കുലര്‍ ഖണ്ഡിക 9.7)
(C) ജനന രജിസ്റ്ററിലും സ്‌കൂള്‍ രേഖയിലും ഉള്ളതില്‍ നിന്നും വ്യത്യസ്തമായ പേരാണ് ചേര്‍ക്കേണ്ടതെങ്കില്‍ ഗസറ്റ് വിജ്ഞാപനം വഴി പേര് മാറ്റി , സ്‌കൂള്‍ രേഖയിലും തിരുത്തല്‍ വരുത്തി പുതിയ പേരായി ഒറ്റത്തവണ തിരുത്തി നല്‍കാം.( ഗവ. സര്‍ക്കുലര്‍ നമ്പര്‍ RD 3/167/2022 തീയതി 29.6.2023 . ഈ സര്‍ക്കുലര്‍ ജനന രജിസ്റ്ററിലെ കുട്ടിയുടെ പേര് തിരുത്തുന്നതിന് മാത്രമുള്ളതാണ്. മാതാപിതാക്കളുടേത് അല്ല).

ഇത്തരത്തില്‍ സ്‌കൂള്‍ രേഖയില്‍ തിരുത്തല്‍ വരുത്തുന്നതിന് (1) സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ കാര്യത്തില്‍ , ഹെഡ്മാസ്റ്റര്‍ക്കും (മുന്‍പ് DEO / AEO എന്നിവര്‍ക്കുണ്ടായിരുന്ന അധികാരം GO(P) No. 38/2012 /GEdn. Dated. 7.2. 2012 ഉത്തരവ് പ്രകാരം ഹെഡ് മാസ്റ്റര്‍ക്ക് നല്‍കി)
(2) SSLC കഴിഞ്ഞവരുടെ കാര്യത്തില്‍ 30.6.2022 ലെ GO. 114 /2022/GEdn നമ്പര്‍ ഉത്തരവ് പ്രകാരം
പരീക്ഷാ കമ്മീഷണര്‍ക്കും ആണ് അധികാരം.

(D) എന്നാല്‍ രജിസ്‌ട്രേഷനിലുള്ള പേരിന് മാറ്റം വരാതെ പേരിലെ അക്ഷരത്തെറ്റ് തിരുത്തുന്നതിന് ഗസറ്റ് വിജ്ഞാപനമോ തിരുത്തപ്പെട്ട സ്‌കൂള്‍ രേഖയോ ആവശ്യമില്ല. (ഉദാ: Muhammad Mohammed, Sruti Sruthy)
( ഗവ. സര്‍ക്കുലര്‍ നമ്പര്‍ RD 3/167/2022 തീയതി 29.6.2023)
ഈ ഉത്തരവിന്റെ ആനുകൂല്യത്തില്‍ Mini എന്ന പേര് Sini എന്ന മറ്റൊരു പേരാക്കി മാറ്റാന്‍ കഴിയില്ലെന്നും ഓര്‍ക്കുക.

പേരിലെ മേല്‍പ്പറഞ്ഞ തിരുത്തലുകള്‍ കൂടാതെ
സ്‌കൂള്‍ രേഖയിലും ജനന രജിസ്‌ട്രേഷനിലും കുട്ടിയുടെ പേരില്‍ ഇനിഷ്യല്‍ , സര്‍നെയിം ഇവ ഇല്ലെങ്കില്‍ അവ ചേര്‍ത്ത് ലഭിക്കും.
(മേല്‍ സര്‍ക്കുലര്‍ ഖണ്ഡിക 9.14)

സ്‌കൂള്‍ രേഖയിലും ജനന രജിസ്‌ട്രേഷനിലും ഇനിഷ്യലിന്റെ വികസിത രൂപമല്ല ഉള്ളതെങ്കില്‍ initial expand ചെയ്തും ലഭിക്കും.
(മേല്‍ സര്‍ക്കുലര്‍ ഖണ്ഡിക 9.7)

ഔദ്യോഗിക രേഖയിലെ പേരിനൊപ്പം വിളിക്കപ്പെടുന്ന മറ്റൊരു പേര് കൂടി alias name ആയി ചേര്‍ത്ത് നല്‍കാം. (ഉദാ: Dayana alias Nayanthara
മേല്‍ സര്‍ക്കുലര്‍ ഖണ്ഡിക 8.8)

വിദേശത്ത് വച്ച് നടന്ന ജനനം പിന്നീട് മാതാപിതാക്കള്‍ ഇന്ത്യയില്‍ സ്ഥിരതാമസത്തിനായി തിരിച്ചെത്തിയാല്‍ മാതാപിതാക്കളുടെ സ്ഥിരതാമസ സ്ഥലത്ത് രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കേസിലും , RDO യുടെ അനുമതി വാങ്ങി നടത്തിയ ജനന രജിസ്‌ട്രേഷനിലും
ആവശ്യമെങ്കില്‍, ബോധ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് തന്നെ പേര് തിരുത്തി നല്‍കാം.

What to do to add and correct child’s name in birth register in Kerala