05
Jun 2024
Sun
05 Jun 2024 Sun
Rima hasan palestine eu mp

പാരീസ്: യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഫ്രഞ്ച്-ഫലസ്തീന്‍ അംഗമായി 32കാരിയായ റിമാ ഹസന്‍. ( Who is Rima Hassan, the first French-Palestinian to become a European MP? )  ഞായറാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ റിമാ ഹസന്റെ ഇടതുപക്ഷ ഫ്രാന്‍സ് അണ്‍ബോവ്ഡ്(എല്‍എഫ്‌ഐ) പാര്‍ട്ടിക്ക് കിട്ടിയത് 9.89 ശതമാനം വോട്ടാണ്. ഇതുപ്രകാരം 9 എല്‍എഫ്‌ഐ അംഗങ്ങളെ പാര്‍ട്ടിക്ക് ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് അയക്കാനാവും. തീവ്ര വലതു പക്ഷ പാര്‍ട്ടിയായ നാഷനല്‍ റാലിക്ക് 31.37 ശതമാനം വോട്ടാണ് ലഭിച്ചത്. ആകെയുള്ള 81 സീറ്റുകളില്‍ 30 എണ്ണം ഇവര്‍ക്ക് കിട്ടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏതാനും മാസങ്ങള്‍ മുമ്പ് വരെ പൊതുജനങ്ങള്‍ക്ക് അജ്ഞാതയായിരുന്ന റിമാ ഹസന്‍ ഫലസ്തീന്‍ വിഷയങ്ങളില്‍ തുറന്നടിച്ചു സംസാരിച്ചു തുടങ്ങിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇസ്രായേലിന്റെ ഗസാ അധിനിവേശത്തിനെതിരേ ആഞ്ഞടിച്ച റിമ എല്‍എഫ്‌ഐക്കും പെട്ടെന്ന് തന്നെ പ്രിയങ്കരിയായി.
Rima hasan EU MP

പലപ്പോഴും കഫിയ ധരിച്ച് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന അവര്‍ 1948ലെ നക്ബയില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട ഫലസ്തീന്‍ മാതാപിതാക്കളുടെ പേരക്കുട്ടിയാണ്. ഒരു വശത്ത് ഫലസ്തീന്‍ അനുകൂലികള്‍ റിമയെ വാനോളം വാഴ്ത്തിയപ്പോള്‍ മറുപുറത്ത് ഇസ്രായേല്‍ പക്ഷപാതികളുടെ കടുത്ത വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നു.

സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ലഭിച്ച പ്രശസ്തി മുഴുവന്‍ ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയെ തുറന്നകാട്ടാനാണ് റിമാ ഹസന്‍ ഉപയോഗിച്ചത്. യൂറോപ്യന്‍ പാര്‍ലമെന്റില്‍ എത്തുന്നതോടെ ഫലസ്തീന്‍ രാജ്യത്തിന് യൂറോപ്പിന്റെ അംഗീകാരം ലഭ്യമാക്കുന്നതിനും ഇസ്രായേലിനെതിരേ കടുത്ത നടപടികള്‍ക്ക് പ്രേരിപ്പിക്കുന്നതിനും പരിശ്രമിക്കാനാണ് റിമാ ഹസന്റെ പദ്ധതി.

ഏഴര ലക്ഷത്തോളം ഫലസ്തീനികള്‍ വംശഹത്യക്കിരയായ 1948ലെ നക്ബയില്‍ സിറിയയിലേക്ക് പലായനം ചെയ്തതാണ് റിമാ ഹസന്റെ കുടുബം. അലെപ്പോയിലുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ 1992 ഏപ്രിലിലാണ് ജനനം. 10ാം വയസ്സിലാണ് കുടുംബം, മാതാവിന്റെ പൂര്‍വ്വപിതാക്കളുടെ നാടായ ഫ്രാന്‍സിലേക്ക് കുടിയേറുന്നത്. 18ാം വയസ്സില്‍ ഫ്രഞ്ച് പൗരത്വം കിട്ടി.

പാരിസിലെ സോര്‍ബോണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷനല്‍ ലോയില്‍ മാസ്‌റ്റേഴ്‌സ് ബിരുദമെടുത്ത റിമയുടെ ഗവേഷണ വിഷയം ദക്ഷിണാഫ്രിക്കയിലെയും ഇസ്രായേലിലും വര്‍ണ വിവേചനമായിരുന്നു. 2019ല്‍ റെഫ്യൂജി ക്യാമ്പ് ഒബ്‌സര്‍വേറ്ററി എന്ന എന്‍ജിഒക്ക് രൂപം നല്‍കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളെക്കുറിച്ച് പഠിക്കുകയും അവിടെ താമസിക്കുന്നവരുടെ ദുരിതങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുയുമായിരുന്നു ലക്ഷ്യം.

2022ല്‍ നാഷനല്‍ കോര്‍ട്ട് ഓഫ് അസൈലത്തിന്റെ പ്രതിനിധിയായി മാറിയ റിമാ ഹസനെ പ്രചോദനം നല്‍കുന്ന സ്ത്രീ എന്ന ബഹുമതി നല്‍കി സര്‍ക്കാര്‍ ഏജന്‍സി ആദരിച്ചു. 2023ല്‍ കോസ്‌മെറ്റിക്‌സ് കമ്പനിയായ എല്‍ ഒറിയലിന്റെ ഭാഗമായെങ്കിലും ഇസ്രായേല്‍ വിരുദ്ധ നിലപാടുകളുടെ പേരില്‍ പുറത്താക്കപ്പെട്ടു.

കഴിഞ്ഞ വേനല്‍ക്കാലത്താണ് റിമ എല്‍എഫ്‌ഐയുമായി ബന്ധപ്പെടുന്നത്. ഫലസ്തീന്‍ അത്ര വലിയ ചര്‍ച്ചയൊന്നുമല്ലാതിരുന്ന ആ സമയത്ത് പാര്‍ട്ടി ക്ലാസുകളില്‍ ആ വിഷയം എല്‍എഫ്‌ഐ ഉള്‍പ്പെടുത്തിയിരുന്നു. അതു മാത്രം മതിയായിരുന്നു തനിക്ക് ആ പാര്‍ട്ടിയോടൊപ്പം ചേരാനെന്ന് റിമ പറയുന്നു.
Rima hasan palestine refugee

ഒക്ടോബര്‍ 7ന്റെ ഹമാസ് ആക്രമണവും തുടര്‍ന്ന് നടന്ന ഇസ്രായേല്‍ അധിനിവേശത്തിനും പിന്നാലെയാണ് റിമ എല്‍എഫ്‌ഐ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നേടുന്നത്. ഇസ്രായേല്‍ നയങ്ങള്‍ക്കെതിരായ തുറന്ന ആക്രമണം റിമാ ഹസനെ ഇടതു വൃത്തങ്ങള്‍ക്കിടയില്‍ അതിവേഗം പ്രശസ്തയാക്കി. 2023ല്‍ ഫോര്‍ബ്‌സിന്റെ ഫ്രാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, ഇസ്രായേല്‍ പക്ഷപാതികളായ ഫ്രഞ്ച് സെലിബ്രിറ്റികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പാരിസില്‍ നടക്കേണ്ടിയിരുന്ന പുരസ്‌കാര ചടങ്ങ റദ്ദാക്കി.

ഫല്‌സ്തീനിലെ കോളനിവല്‍ക്കരണത്തെയും ഫ്രാന്‍സിലെ കുടിയേറ്റക്കാരുടെ പിന്‍തലമുറയെയും ബന്ധപ്പെടുത്തി റിമാ ഹസന്‍ പലപ്പോഴും ബോധവല്‍ക്കരണം നടത്താറുണ്ട്. നമ്മുടെ കൊളോണിയല്‍ ചരിത്ര പാരമ്പര്യത്തെക്കുറിച്ച് ശരിയായ രീതിയില്‍ വിലയിരുത്താതെ ഫലസ്തീന്‍ കോളനിവല്‍ക്കരണത്തെക്കുറിച്ച് നമുക്ക് എങ്ങിനെ സംസാരിക്കാനാവും എന്നാണ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് നടന്ന പൊതുയോഗത്തില്‍ റിമാ ഹസന്‍ ചോദിച്ചത്. ഫ്രാന്‍സ് ഉള്‍പ്പെടെ പല പടിഞ്ഞാറന്‍ രാജ്യങ്ങളും തങ്ങളുടെ കൊളോണിയല്‍ പൂര്‍വ്വകാല ചരിത്രത്തെ വേണ്ട രീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്ന് ഫ്രാന്‍സിന്റെ അല്‍ജീരിയന്‍ കോളനിവല്‍ക്കരണത്തെ ഉദാഹരണമാക്കി അവര്‍ പറഞ്ഞു.

എംപിയെന്ന നിലയില്‍ തന്റെ പ്രഥമ പരിഗണനാ വിഷയം ഗസയായിരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ റിമാ ഹസന്‍ പറഞ്ഞത്.