ജീവിതത്തിലുടനീളം ഒന്നിച്ചു നടന്നവര്‍, ഒടുവില്‍ മരണത്തിന്റെ നിഴല്‍വഴിയിലും പരസ്പരം കൈവിടാന്‍ തയ്യാറല്ലായിരുന്നു. പ്രിയതമന്റെ വേര്‍പാടിലെ ആഴമേറിയ വേദന താങ്ങാനാവാതെ, അദ്ദേഹത്തിന്റെ ഭൗതികശരീരത്തില്‍ അന്ത്യചുംബനം നല്‍കിയ തൊട്ടടുത്ത നിമിഷം ഷേര്‍ളിയും ആ സ്‌നേഹത്തണലിലേക്ക് മടങ്ങി.
|
പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന്‍ ജോസഫ് (കുര്യച്ചന്‍ – 73) എന്ന പ്രിയ ഭര്‍ത്താവിന്റെ വേര്‍പാടില്‍ നൊമ്പരപ്പെട്ടു നില്‍ക്കുകയായിരുന്നു ഭാര്യ ഷേര്‍ലി കുര്യന്‍ (71). 15ന് ഉച്ചയോടെയാണ് പാലായിലെ അറിയപ്പെടുന്ന വ്യാപാരിയും കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ കുര്യച്ചന്‍ അന്തരിച്ചത്.
പ്രിയപ്പെട്ടവന് അന്ത്യ ചുംബനം
ഇന്നലെ രാവിലെ 11 മണിയോടെ വസതിയിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയായി. മൃതദേഹം പള്ളിയിലേക്ക് എടുക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ആ ഹൃദയഭേദകമായ സംഭവം നടന്നത്. പെട്ടെന്നാണ് ഷേര്‍ലി തനിക്ക് അത്രമേല്‍ പ്രിയപ്പെട്ട കുര്യച്ചന്റെ ഭൗതികശരീരത്തിനടുത്തേക്ക് എത്തിയത്. അവസാനമായി ആ നെറ്റിയില്‍ ഒരന്ത്യചുംബനം നല്‍കി…
പക്ഷേ, ആ നിമിഷത്തിന്റെ ഭാരം ആ ഹൃദയത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചുംബിച്ചു മാറിയ ഉടന്‍തന്നെ ഷേര്‍ലി കുഴഞ്ഞുവീണു. കണ്ടുനിന്ന ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ ജീവന്‍ രക്ഷിക്കാനായില്ല.
ഒടുവില്‍, ഒരേ കല്ലറയില്‍ നിത്യനിദ്ര
പാലായില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്ന കുര്യച്ചനും, എടത്വ പച്ച കാവില വീട്ടില്‍ കുടുംബാംഗമായ ഷേര്‍ളിയും ഒന്നിച്ചു ജീവിച്ചു തീര്‍ത്തത് ഊഷ്മളമായ ഒരു ദാമ്പത്യമായിരുന്നു. മക്കളായ എയ്ഞ്ചല, അന്ന, എബി എന്നിവരും മരുമക്കളായ ലിയോ മൈക്കിള്‍, ജോണ്‍ വിന്‍സന്റ്, സോന മാത്യു എന്നിവരുമടങ്ങുന്ന വലിയൊരു കുടുംബത്തെ തനിച്ചാക്കിയാണ് രണ്ടുപേരും ഒരുമിച്ച് യാത്രയായത്.
ഇന്ന് രാവിലെ 9 മണിയോടെ ഷേര്‍ളിയുടെ ഭൗതികശരീരം വീട്ടിലെത്തിക്കും. 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം, പാലാ സെന്റ് ജോര്‍ജ് ളാലം പുത്തന്‍പള്ളിയിലെ കല്ലറയില്‍ ഇരുവരും ഇനി ഒന്നിച്ചുറങ്ങും, ജീവിതത്തിലും മരണത്തിലും മായാത്ത ആ വലിയ സ്‌നേഹത്തിന്റെ ഓര്‍മ്മയായി.
Tags: Pala News, Kottayam News Malayalam, Pala Kurian Joseph, Touching News Kerala, Funeral Incident Pala, Kerala News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



