30
Sep 2023
Fri
30 Sep 2023 Fri

കല്‍പ്പറ്റ: ഭാര്യയെ ചവിട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വിആര്‍ കുട്ടപ്പനെ (39) യാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കുന്നതിന് വീഴ്ച വരുത്തിയാല്‍ അഞ്ചുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി. 2022 ഏപ്രില്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈകിട്ട് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിക്ക് കഞ്ഞിവെച്ചു കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ഭാര്യ സീതയുടെ പുറത്തും കാലുകളിലും കാപ്പിവടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന്, രാത്രി 11:30ഓടെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പന്‍ നെഞ്ചില്‍ ചവിട്ടിയതില്‍ നെഞ്ചിന്‍കൂട്  തകര്‍ന്ന് ഹൃദയത്തില്‍ കയറി പെരികാര്‍ഡിയം സാക്കില്‍  രക്തം തളംകെട്ടിയാണ് സീത മരണപ്പെട്ടത്.

നൂല്‍പ്പുഴ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒയായിരുന്ന ടിസി മുരുകനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷണത്തില്‍ സഹായത്തിനായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പ്രഭാകരനും കോടതികാര്യങ്ങളില്‍ സഹായത്തിനായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ രതീഷ് ബാബുവും ഉണ്ടായിരുന്നു.