10
Aug 2026
Mon
10 Aug 2026 Mon
senior journalists forum state conference

കൊല്ലം: സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ പെൻഷൻ വർദ്ധിപ്പിക്കുന്നതിൽ ഉചിതമായ തീരുമാനം ഉടൻ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പെൻഷൻ കമ്മിറ്റി ഉടൻ പുനസ്സംഘടിപ്പിക്കുമെന്നും പെൻഷൻ വർദ്ധനയിൽ കമ്മിറ്റിയുടെ നിർദ്ദേശവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടപ്പാക്കട സ്പോർട്സ് ക്ളബ്ബ് ഓഡിറ്റോറിയത്തിൽ (പി.എൻ. പ്രസന്നകുമാർ നഗർ ) സീനിയർ ജേണലിസ്റ്റ്സ് ഫോറം 13-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാധ്യമ പ്രവർത്തകർക്കായി ചികിത്സാ പദ്ധതി ആവിഷ്കരിക്കാനും സർക്കാർ നടപടി സ്വീകരിക്കും. ഇന്ത്യയിൽ ആദ്യമായി വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച സർക്കാർ അവരുടെ സംരക്ഷണത്തിന് ആരോഗ്യ പരിരക്ഷ പദ്ധതി നടപ്പാക്കും. മുതിർന്ന മാധ്യമ പ്രവർത്തകരേയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തും.

പഴയ കാല മാധ്യമ പ്രവർത്തകർ ഞങ്ങളെ പോലുള്ള രാഷ്ടീയ നേതാക്കൾക്ക് വിലപ്പെട്ട മാർഗനിർദ്ദേശം നൽകുന്ന വഴികാട്ടികളായിരുന്നു. പക്ഷേ ഇന്നത്തെ മാധ്യമ പ്രവർത്തനം എങ്ങോട്ടു പോകുന്നു എന്ന് ഗൗരവമായി ചിന്തിക്കേണ്ട കാലമായി. തെറ്റായ വാർത്തകൾ തിരുത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്യുന്ന പതിവ് പണ്ടുണ്ടായിരുന്നു. പക്ഷേ ഇന്ന് തിരുത്തുന്നതിനു പകരം വ്യാജ വാർത്ത കൂടുതൽ പൊടിപ്പും തൊങ്ങലും വച്ച് വീണ്ടും വരുന്ന അവസ്ഥയാണുള്ളത്. ആകാശത്തു നിന്ന് വാർത്ത സൃഷ്ടിക്കുന്ന ഈ പ്രവണതയെപ്പറ്റി മാധ്യമ പ്രവർത്തകർ ആത്മ വിമർശനം നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന പ്രസിഡണ്ട് അലക്സാണ്ടർ സാം അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, സ്വാഗതസംഘം ചെയർമാനും കൊല്ലം മേയറുമായ എ.കെ. ഹഫീസ്, ബി.ബി. ഗോപകുമാർ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാ ദേവി, കേരള മീഡിയ അക്കാദമി മുൻ അധ്യക്ഷൻ ആർ.എസ്. ബാബു, ഫോറം ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, കെയു ഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി ജയകൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ എസ്. സുധീശൻ എന്നിവർ പ്രസംഗിച്ചു. സ്കൂൾ വിദ്യാർഥി ഓം കാറിനെ മന്ത്രി പിസി വിഷ്ണുനാഥ് അനുമോദിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പ്രഭാകരൻ പുത്തൂർ പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. മാധ്യമ സെമിനാർ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. എം.ജി. രാധാകൃഷ്ണൻ അധ്യക്ഷനായി. സീനിയർ ജേണലിസ്റ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എൻ.പി. ചെക്കുട്ടി മാധ്യമ തൊഴിൽ സംസ്കാരം എന്ന വിഷയം അവതരിപ്പിച്ചു. സ്റ്റേറ്റ് ഫൈനാൻസ് കമ്മീഷൻ ചെയർമാൻ കെ എൻ ഹരിലാൽ, പി. നന്ദകുമാർ, ആർ ചന്ദ്രശേഖരൻ, സംഗീത മധു, സി. ഗൗരിദാസൻ നായർ, ഡോ. നടക്കൽ ശശി, സി.പി. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം കർണാടകത്തിലെ മുതിർന്ന മാധ്യമപ്രവർത്തകരുടെ സംഘടന പ്രസിഡൻ്റ് ആർ.പി. സാംബ സദാശിവ റെഡി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, അഡ്വ. വിഷ്ണു മോഹൻ എംഎൽഎ തുടങ്ങിയവർ പ്രസംഗിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക