കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ആശുപത്രിജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. ശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററിൽ നിന്ന് സ്ത്രീകളുടെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെയാണ് പീഡനം നടന്നത്. പൊലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ഒളിവിലാണ്.
|
ശനിയാഴ്ചയാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നത്. ആക്രമണം നടത്തിയ അറ്റൻഡറാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് ശേഷം സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയത്. ഇതിനുശേഷം കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയശേഷം യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു.
അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മെഡി. കോളേജ് പൊലീസ് കേസ്സെടുത്തു. ആളെത്തിരിച്ചറിഞ്ഞെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.


