14
Nov 2025
Mon
14 Nov 2025 Mon
woman arrested for posing as doctor and extorting 68 lakh rupees

ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള യുവതി ഡോക്ടര്‍ ചമഞ്ഞ് പൂജാരിയില്‍ നിന്ന് തട്ടിയത് 68 ലക്ഷം രൂപ. കാവില്‍പ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയുടെ പരാതിയില്‍ യുവതി പിടിയില്‍. മുബീന(35)യാണ് പിടിയിലായത്. 2023ല്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് യുവതി പിടിയിലായത്. എറണാകുളം ലുലു മാളില്‍ നിന്നാണ് യുവതിയെ പിടികൂടിയത്. പിടിയിലാവുമ്പോള്‍ യുവതിയുടെ പക്കല്‍ ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു. കേസിലെ രണ്ടാം പ്രതിയും യുവതിയുടെ ലിവിങ് ടുഗതര്‍ പങ്കാളിയുമായ ശ്യാം സന്തോഷ് നിലവില്‍ ജാമ്യത്തിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ഏക മകള്‍ ഡോ. നിഖിത ബ്രഹ്‌മദത്തന്‍ ആണ് താനെന്നാണ് മുബീന പരാതിക്കാരനോട് പറഞ്ഞിരുന്നത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടില്‍ ആണവകാശികള്‍ ഇല്ലാത്തതിനാല്‍ യുവാവിനെ ദത്തെടുക്കാന്‍ തയ്യാറാണെന്നും യുവതി പൂജാരിയെ വിശ്വസിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ജോലി ചെയ്യുന്നതെന്നും യുവതി പരാതിക്കാരനോട് പറയുകയുണ്ടായി.

നിരവധി തവണ പരാതിക്കാരനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. പരാതിക്കാരന്‍ വരുന്ന സമയത്ത് മുബീന സ്റ്റെതസ്‌കോപ്പ് അണിഞ്ഞായിരുന്നു ആശുപത്രി പരിസരത്ത് നിന്നിരുന്നത്.
ഇതിനിടെ താന്‍ നിര്‍മിക്കാനൊരുങ്ങുന്ന ഐവിഎഫ് ആശുപത്രിയില്‍ പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞാണ് യുവാവില്‍ നിന്ന് 68 ലക്ഷം രൂപയോളം പല തവണയായി വാങ്ങിയെടുത്തത്.

ഇതിനു പിന്നാലെ യുവതി മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്. സമാന രീതിയില്‍ തട്ടിപ്പ് നടത്തിയ മുബീനയ്‌ക്കെതിരേ ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗണ്‍ നോര്‍ത്ത് എന്നീ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ALSO READ: ശസ്ത്രക്രിയക്ക് പിന്നാലെ യുവാവ് മരിച്ചെന്ന് ഡോക്ടര്‍മാര്‍; കുഴിയിലേക്ക് വയ്ക്കുമ്പോള്‍ ശ്വസിച്ചു; പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി