കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യ വി.ജി (45) ആണ് മരിച്ചത്. തിരുവല്ല ഇടിഞ്ഞിലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ വെൽനെസ് ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം.
|
ഈ മാസം 16നാണ് കൈയിലെ കൊഴുപ്പ് നീക്കുന്നതിനുള്ള ചികിത്സയ്ക്കായി വിദ്യ ക്ലിനിക്കിലെത്തിയത്. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9.30ഓടെയാണ് മരണം സംഭവിച്ചത്.
ക്ലിനിക്കിലെ ചികിത്സാപ്പിഴവാണ് വിദ്യയുടെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് വീട്ടുകാർ തിരുവല്ല പൊലീസിൽ പരാതി നൽകി.
എന്നാൽ ചികിത്സയിലോ അനസ്തേഷ്യ നൽകിയതിലോ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നാണ് ക്ലിനിക് അധികൃതരുടെ വിശദീകരണം. ഹൃദയാഘാതമുണ്ടായ ഉടൻ തന്നെ ആവശ്യമായ അടിയന്തര ചികിത്സ നൽകിയെന്നും അധികൃതർ പറയുന്നു.
2021ലും ഇതേ ക്ലിനിക്കിൽ ചികിത്സ തേടിയ മറ്റൊരു യുവതിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നതായും വിവരമുണ്ട്.
വിദ്യയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ALSO READ: ബന്ധത്തിൽ നിന്ന് അകന്ന വിദ്യാർഥിനിയെ വിഷം കുടിപ്പിച്ചു കൊന്നു; കോളജ് അധ്യാപകൻ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





