23
Dec 2024
Sat
23 Dec 2024 Sat
woman s eye sight lost after under went surgery in nose in Kannur

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ മൂക്കിലെ ദശ വളര്‍ച്ച നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്ന(30)യ്ക്കാണ് ദുരവസ്ഥ. യുവതിയുടെ വലതു കണ്ണിന്റെ കാഴ്ചയാണ് ചികില്‍സാപ്പിഴവിനെ തുടര്‍ന്ന് പൂര്‍ണമായും നഷ്ടമായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. ഒക്ടോബര്‍ 24നായിരുന്നു യുവതി മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കു വിധയയായത്. ഇതിന് പിന്നാലെ കാഴ്ചയ്ക്കു മങ്ങല്‍ വന്നിട്ടുണ്ടെന്ന് രസ്ന ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നീര്‍ക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നുമായിരുന്നു മറുപടി. എന്നാല്‍ പിന്നീട് വലതുകണ്ണും ചുറ്റുഭാഗവും ചുവന്നുതുടുത്തതോടെ ഡോക്ടര്‍മാര്‍ നേത്രരോഗ വിദഗ്ധരെ കാണാന്‍ യുവതിയോടു നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതായി കണ്ടെത്തിയത്. ഉടനെ ചികിത്സ നല്‍കണമെന്നും നേത്രചികിത്സാ വിദഗ്ധര്‍ നിര്‍ദേശിച്ചു. വീണ്ടും മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ രക്തം കട്ട പിടിച്ചത് അലിയിക്കാന്‍ കുത്തിവയ്‌പ്പെടുത്തു. രണ്ടാഴ്ചകൊണ്ട് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറഞ്ഞത്. പിറ്റേന്ന് രാത്രിയായിട്ടും മാറ്റമില്ലാതായതോടെ ഡിസ്ചാര്‍ജ് ചെയ്ത് കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി പരിശോധിച്ചു. അപ്പോഴാണ് വലതുകണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി മനസിലാക്കിയത്. കണ്ണിന്റെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടതായും കോയമ്പത്തൂരിലെ ഡോക്ടര്‍മാര്‍ യുവതിയെ അറിയിച്ചു.