24
Jan 2025
Tue
24 Jan 2025 Tue
Woman strangled to death by husband in Kollam

കൊല്ല: മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവില്‍ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മണ്ണൂര്‍ക്കാവിലെ ദിയ ഭവനില്‍ ശ്യാമ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാജീവിനെ (38) ശാസ്താംകോട്ട പൊലീസ് അറസ്റ്റുചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കുടുംബവഴക്കിനിടെയുണ്ടായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യപിച്ചെത്തിയ രാജീവ് ഭാര്യ ശ്യാമയുമായി വഴക്കുണ്ടാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായ മര്‍ദനത്തിനൊടുവില്‍ ശ്യാമ മരിച്ചുവീണു. ഇതോടെ ഭയന്ന രാജീവ് ശ്യാമയെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം പിടിച്ചുതരണമെന്ന് ആവശ്യപ്പെട്ട് വീടിന് സമീപത്ത് ഉത്സവം നടക്കുന്ന മണ്ണൂര്‍ക്കാവ് ക്ഷേത്ര പരിസരത്തെത്തി നാട്ടുകാരെ സമീപിച്ചു. നാട്ടുകാരെത്തുമ്പോള്‍ ശ്യാമ അബോധവസ്ഥയില്‍ തറയില്‍ കിടക്കുകയായിരുന്നു. യഥാര്‍ത്ഥ സംഭവം അറിയാതെ ഇടപെട്ട നാടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഉടന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ശരീരത്തിലെ പാടുകള്‍ കണ്ട് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഇരുവരുടെതും പ്രേമവിവാഹം ആയിരുന്നു. എന്നാല്‍ വിവഹശേഷം വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളാണുള്ളത്. സംഭവ സമയത്ത് രണ്ട് വയസുകാരിയായ ഇളയകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൂത്ത മകള്‍ അപ്പൂപ്പനോടൊപ്പം ഉത്സവത്തിന് പോയിതായിരുന്നു.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച രാത്രി എട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: ദിയരാജ്, ദക്ഷ രാജ്.

Woman strangled to death by husband in Kollam